വാഷിംഗ്ടൺ: ലെബനനിലെ ഇസ്രായേൽ സൈനിക നടപടികൾ രൂക്ഷമായതിനെച്ചൊല്ലി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോണിൽ രൂക്ഷമായ തർക്കം. തിങ്കളാഴ്ച നടന്ന ഫോൺ സംഭാഷണത്തിനിടെ ട്രംപ് കടുത്ത ഭാഷയിലാണ് നെതന്യാഹുവിനെ വിമർശിച്ചതെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസ്’ (Axios) റിപ്പോർട്ട് ചെയ്തു. രണ്ട് യു.എസ് ഉദ്യോഗസ്ഥരെയും ഔദ്യോഗിക വൃത്തങ്ങളെയും ഉദ്ധരിച്ചാണ് വാർത്ത പുറത്തുവിട്ടത്.
ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, അമേരിക്കയുമായുള്ള ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപ് നെതന്യാഹുവുമായി ബന്ധപ്പെട്ടത്. സംഭാഷണത്തിനിടെ കടുത്ത കോപത്തിലായിരുന്ന ട്രംപ്, നെതന്യാഹുവിനെ ‘ഭ്രാന്തൻ’ എന്ന് വിളിക്കുകയും നന്ദികേട് ആരോപിക്കുകയും ചെയ്തതായാണ് വിവരം. ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ വ്യോമാക്രമണം നടത്താനുള്ള ഇസ്രായേലിന്റെ നീക്കങ്ങളെ ട്രംപ് ശക്തമായി തടഞ്ഞു. ഇത്തരം ഭീഷണികളുമായി മുന്നോട്ട് പോകുന്നത് അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിന്റെ ഒറ്റപ്പെടൽ വർദ്ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
മുൻപ് അഴിമതിക്കേസ് വിചാരണ നേരിട്ടപ്പോൾ താൻ നൽകിയ പിന്തുണയും ജയിൽശിക്ഷ ഒഴിവാക്കാൻ സഹായിച്ചതും ട്രംപ് നെതന്യാഹുവിനെ ഓർമ്മിപ്പിച്ചു. “നീ തീർത്തും ഭ്രാന്തനാണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ജയിലിലാകുമായിരുന്നു. ഇപ്പോൾ ഞാൻ നിന്നെ രക്ഷിക്കുകയാണ്. എല്ലാവരും നിന്നെ വെറുക്കുന്നു, ഇതുമൂലം ഇസ്രായേലിനെയും ആളുകൾ വെറുക്കുന്നു” എന്നിങ്ങനെയായിരുന്നു ട്രംപിന്റെ വാക്കുകളെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
സംഭാഷണത്തിന്റെ ഒരു ഘട്ടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രംപ്, ഒടുവിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് ആക്രോശിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസോ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



