കോഴിക്കോട്: വഖഫ് ബില്ല് കൊണ്ട് ഗുണമുണ്ടായില്ലെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. മുനമ്പത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതിയാണ് വഖഫ് ബില്ലിന് പിന്തുണ നൽകിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ സാഹചര്യം ചർച്ച ചെയ്യുമെന്നും പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടരുമെന്നും മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രിക്ക് വലിയ താൽപര്യമുണ്ടെന്നും അദ്ദേഹത്തെ കാണാമെന്നും ഡൽഹിയിൽനിന്ന് കേരളത്തിന്റെ പ്രതിനിധി പ്രഫ കെ.വി തോമസ് ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രിയെ ഒരുമിച്ച് കാണാമെന്നും അറിയിച്ചിട്ടുണ്ട്.
മുനമ്പം പ്രശ്‌നം തീരാൻ സുപ്രീംകോടതിയോളം നീളുന്ന നിയമ വ്യവഹാരം നടത്തേണ്ടി വരുമെന്ന് കേരളത്തിലെത്തിയ കേന്ദ്രമന്ത്രി കിരൺ റിജു പറഞ്ഞത് ചൂണ്ടിക്കാട്ടി, ബില്ലിനുള്ള പിന്തുണ തുടരുമോ എന്ന് ചോദിച്ചപ്പോൾ പിന്തുണയിൽ പുനർവിചിന്തനം വേണോ എന്ന് പിന്നീട് ആലോചിക്കുമെന്നായിരുന്നു മറുപടി.
വഖഫ് ഭേദഗതി നിയമത്തിന് കെ.സി.ബി.സി പിന്തുണ നൽകിയത് മുനമ്പത്തെ ജനങ്ങളുടെ സഹനം കണ്ടാണ്. ഭേദഗതി നിയമം വന്നാൽ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കരുതി. എന്നാൽ, നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജു പറഞ്ഞതും ഞാൻ മനസ്സിലാക്കിയതും.
പിന്തുണ തീരുമാനിച്ച മീറ്റിംഗിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ആ സമയം അമേരിക്കയിലായിരുന്നു. പക്ഷേ, ആ തീരുമാനം അന്നത്തെ സാഹചര്യത്തിൽ ശരിയാണ്. ആ തീരുമാനത്തിന് ഒപ്പം തന്നെയാണ്. പ്രശ്‌നം ജാതി-മത ഭേദമന്യേ എല്ലാവരും കൂട്ടായി നിന്ന് പരിഹരിക്കാനാണ് നോക്കേണ്ടത്. 610 കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. അവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതത്വം വേണം. ഫാറൂഖ് കോളജ് മാനേജ്‌മെന്റ് വഖഫ് ഭൂമിയല്ലെന്ന് സ്ഥാപിക്കാൻ പ്രവർത്തിക്കുന്നുണ്ട്. അതിൽ വിജയം കണ്ടാൽ മുനമ്പം നിവാസികൾക്ക് ആശ്വാസമാകും. അല്ലേൽ കോളജിനും വലിയ ബുദ്ധിമുട്ടാകും. എല്ലായിടത്തും രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. മുഖ്യമന്ത്രിയും പാണക്കാട് തങ്ങളുമൊക്കെ പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഡോ. വർഗീസ് ചക്കാലക്കൽ പ്രത്യാശ പ്രകടിപ്പിച്ചു.