റിയാദ് – റിയാദ് മെട്രോ പദ്ധതിയില്‍ കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), കിംഗ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ രണ്ടു റൂട്ടുകളില്‍ നാളെ (ഞായറാഴ്ച) മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. കിംഗ് സൗദ് യൂനിവേഴ്‌സിറ്റി മുതല്‍ കിംഗ് ഫഹദ് സ്‌പോര്‍ട്‌സ് സിറ്റി വരെ കിംഗ് അബ്ദുല്ല റോഡിലൂടെ 25.3 കിലോമീറ്റര്‍ നീളത്തിലാണ് റെഡ് ലൈന്‍ നീണ്ടുകിടക്കുന്നത്.
ഇശ്ബീലിയ, അല്‍ഖലീജ്, അല്‍ഹംറാ, ഖാലിദ് ബിന്‍ അല്‍വലീദ് റോഡ്, റിയാദ് എക്‌സിബിഷന്‍ സെന്റര്‍, അല്‍നുസ്ഹ, കിംഗ് അബ്ദുല്‍ അസീസ് റോഡ്, അല്‍വുറൂദ്, എസ്.ടി.സി, അല്‍തഖസ്സുസി, കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, കിംഗ് സല്‍മാന്‍ ഒയാസിസ് എന്നീ പ്രദേശങ്ങളെ റെഡ് ലൈനില്‍ ബന്ധിപ്പിക്കുന്നു.
കിംഗ് അബ്ദുല്‍ അസീസ് റോഡിലൂടെയുള്ള ഗ്രീന്‍ ലൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ നിന്ന് കിംഗ് അബ്ദുല്ല ഇന്റര്‍സെക്ഷനില്‍ വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനം വരെ 12.9 കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്നു. കിംഗ് സല്‍മാന്‍ മാര്‍ക്ക്, സുലൈമാനിയ, അല്‍ദബാബ്, അബുദാബി സ്‌ക്വയര്‍, ഓഫീസേഴ്‌സ് ക്ലബ്ബ്, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സേഷ്യല്‍ ഇന്‍ഷുറന്‍സ്, അല്‍വിസാറാത്ത്, പ്രതിരോധ മന്ത്രാലയം, കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി, പുതിയ ധനമന്ത്രാലയ ആസ്ഥാനം എന്നീ പ്രദേശങ്ങളെ ഗ്രീന്‍ ലൈനില്‍ ബന്ധിപ്പിക്കുന്നു.
റിയാദ് മെട്രോയില്‍ മൂന്നു റൂട്ടുകളിലാണ് നിലവില്‍ സര്‍വീസുകളുള്ളത്. കഴിഞ്ഞ മാസം 27 ന് ആണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് റിയാദ് മെട്രോ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഡിസംബര്‍ ഒന്നു മുതല്‍ ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് ആയ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക് ആയ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംഗ്ഷന്‍-ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ (വയലറ്റ് ലൈന്‍) എന്നീ മൂന്നു റൂട്ടുകളില്‍ സര്‍വീസ് ആരംഭിച്ചു. മദീന റോഡ് ജംഗ്ഷന്‍ (ഓറഞ്ച് ലൈന്‍) റൂട്ടില്‍ ജനുവരി അഞ്ചിന് സര്‍വീസിന് തുടക്കമാകും.
ആകെ 2,500 കോടി ഡോളര്‍ (9,375 കോടി റിയാല്‍) ചെലവഴിച്ചാണ് റിയാദ് മെട്രോ പദ്ധതി പൂര്‍ത്തിയാക്കിയത്. തുടക്കത്തില്‍ കണക്കാക്കിയ ചെലവിനെക്കാള്‍ 11 ശതമാനം കൂടുതലാണിത്. റിയാദ് മെട്രോ പദ്ധതിയില്‍ ഒരു കിലോമീറ്റര്‍ നീളത്തിന് 16.6 കോടി ഡോളറാണ് ചെലവ് വന്നത്. ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കുന്ന ഏറ്റവും വലിയ ഡ്രൈവര്‍ലെസ് മെട്രോ പദ്ധതിയാണ് റിയാദിലേത്.
പ്രതിവര്‍ഷം 69.4 കോടി റിയാല്‍ വില കണക്കാക്കുന്ന 62 കോടി ലിറ്റര്‍ ഇന്ധനം ലാഭിക്കാന്‍ റിയാദ് മെട്രോ പദ്ധതി സഹായിക്കും. 176 കിലോമീറ്റര്‍ നീളത്തില്‍ ആകെ 85 സ്‌റ്റേഷനുകളോടെയാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആകെ 776 സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 1,083 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, 24 റൂട്ടുകള്‍ ഉള്‍പ്പെടുന്ന ബസ് ശൃംഖലയുമായി റിയാദ് മെട്രോ പദ്ധതി സംയോജിപ്പിച്ചിരിക്കുന്നു. 2030 വരെയുള്ള കാലത്ത് ഇന്ധന ഉപഭോഗത്തില്‍ 420 കോടി റിയാല്‍ ലാഭിക്കാന്‍ റിയാദ് മെട്രോ പദ്ധതി സഹായിക്കുമെന്നാണ് കരുതുന്നത്. പദ്ധതി 328 ബില്യണ്‍ റിയാലിന്റെ (88 ബില്യണ്‍ ഡോളര്‍) സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും.