ഈയടുത്ത കാലത്ത് കേരളത്തിൽ കോൺഗ്രസിലേക്ക് ബി.ജെ.പിയിൽനിന്ന് ചേക്കേറുന്ന മുൻനിരയിലുള്ള നേതാവാണ് സന്ദീപ് വാര്യർ. സമൂഹമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും ബി.ജെ.പിക്ക് വേണ്ടി വന്നിരിക്കുമ്പോൾ മൂർച്ചയേറിയ നാവും നിലപാടുമായി ആരാധകരെ കയ്യിലെടുത്താണ് സന്ദീപ് വാര്യർ അണികൾക്കിടയിൽ സ്വീകാര്യത നേടിയത്. ശബരിമല വിവാദ കാലത്ത് ചാനൽ ചർച്ചകളിൽ സന്ദീപ് സ്വീകരിച്ച നിലപാടുകളിലൂടെ അണികൾക്കിടയിലെ താരമാകുകയും ചെയ്തു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ക്ലാസുകളിലൂടെ വളർന്നുവന്ന സന്ദീപ് തുടക്കത്തിൽ എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. അച്ഛൻ കമ്യൂണിസ്റ്റുകാരനും അമ്മ കോൺഗ്രസുകാരിയും. പിന്നീട് പ്രധാനമന്ത്രിയായ എ.ബി വാജ്പേയിയുടെ പ്രസംഗത്തിൽ ആകൃഷ്ടനായി സന്ദീപ് വാര്യർ ബി.ജെ.പിയിൽ ചേർന്നു. കംപ്യൂട്ടർ ഡിപ്ലോമ ബിരുദം നേടിയ സന്ദീപ്, നവമാധ്യമത്തിലൂടെയാണ് പാർട്ടിയുടെ നേതൃത്വത്തിൽ എത്തിയത്.
ബി.ജെ.പിയിൽ അതിവേഗ വളർച്ചയായിരുന്നു സന്ദീപിന്റേത്. ഇത് നേതൃത്വത്തിൽ കെ. സുരേന്ദ്രൻ അടക്കമുള്ളവർ സംശയത്തോടെ വീക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഷൊർണ്ണൂരിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. നാലു വർഷം മുമ്പ് ബി.ജെ.പിയുടെ സംസ്ഥാന വക്താവുകയും ചെയ്തു. യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബിജെപി ഒറ്റപ്പാലം നിയോജകമണ്ഡലം സെക്രട്ടറി, ബിജെപി വീവേഴ്സ് സെൽ ദേശീയ നിർവാഹക സമിതി അംഗം, ഓൾ ഇന്ത്യ ഹാൻഡ് ലൂം ബോർഡ് അംഗം എന്നീ ചുമതലകളും സന്ദീപിന് ലഭിച്ചു.
കഴിഞ്ഞ വർഷം കേരളത്തിലെ ഹലാൽ വിവാദമാണ് സന്ദീപും ബി.ജെ.പിയും തമ്മിലുള്ള ഭിന്നതക്ക് കാരണമായത്. ഇക്കാര്യത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അഭിപ്രായത്തോട് സന്ദീപ് വിയോജിപ്പ് രേഖപ്പെടുത്തി. ഹലാൽ വിഷയത്തിൽ വികാരമല്ല, വിവേകമാണ് വേണ്ടത് എന്നായിരുന്നു സന്ദീപിന്റെ നിലപാട്. ഹലാൽ വെച്ച് കേരളത്തെ കത്തിക്കാൻ ലക്ഷ്യമിട്ട സുരേന്ദ്രനും സംഘത്തിനും വലിയ തിരിച്ചടിയാണ് സന്ദീപ് നൽകിയത്. ഈ പോസ്റ്റ് പങ്കുവെച്ചതോടെ ബി.ജെ.പിയിൽ സന്ദീപ് ഒറ്റപ്പെട്ടു. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലും സന്ദീപ് ഇക്കാര്യമാണ് പറഞ്ഞത്. വെറുപ്പിന് എതിരെ നിലപാട് സ്വീകരിച്ചതാണ് തന്നെ അവഗണിക്കാൻ കാരണമെന്ന് സന്ദീപ് വ്യക്തമാക്കുന്നു.
‘‘ഹിന്ദുവിനും മുസ്‌ലീമിനും പരസ്പരം ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാൻ കഴിയില്ല. സ്ഥാപനം തകർക്കാൻ ഒരു പോസ്റ്റ് മതിയാകും, പക്ഷേ സ്ഥാപനം തകർന്നാൽ പട്ടിണിയിലാകുന്നത് അനേകം പേരാണ്’’ – എന്ന സന്ദീപിന്റെ പോസ്റ്റിന് പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത ലഭിച്ചു. പിന്നീട് സന്ദീപിനെ ടി.വി ചർച്ചകളിലേക്ക് പാർട്ടി അയച്ചില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്നേ സന്ദീപ് വാരിയരെ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും അംഗമായ സന്ദീപ്, ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ കെ. സുരേന്ദ്രന് വേണ്ടി രംഗത്തിറങ്ങി.
രാഹുൽ ഗാന്ധിയുടെ സ്നേഹത്തിന്റെ കടയിലാണ് താൻ അംഗത്വമെടുക്കുന്നത് എന്നാണ് കോൺഗ്രസിൽ ചേർന്ന ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ സന്ദീപ് വ്യക്തമാക്കിയത്. ചെയ്തുപോയ തെറ്റിൽ ക്ഷമ ചോദിച്ചും സംഘ്പരിവാർ നിലപാടിൽനിന്ന് പൂർണ്ണമായും പുറത്തേക്കിറങ്ങുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സന്ദീപ് പുറത്തേക്ക് വരുന്നത്. സന്ദീപ് സി.പി.എമ്മിലേക്ക് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും എല്ലാവരെയും ഞെട്ടിച്ച് സന്ദീപ് നേരെ കോൺഗ്രസിലേക്ക് വരികയായിരുന്നു. കേരളത്തിൽ ബി.ജെ.പിക്ക് അടുത്ത കാലത്ത് ലഭിച്ച ഏറ്റവും വലിയ ഷോക്കാണ് സന്ദീപ് വാര്യരുടെ പുറത്തേക്കുള്ള യാത്ര. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് സന്ദീപ് നൽകിയതും.