തായിഫ് – പൈതൃക ഉല്‍പന്നങ്ങളില്‍ പുതുതലമുറക്ക് പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ട് സൗദി ഹെറിറ്റേജ് കമ്മീഷന്‍ ആരംഭിച്ച ഹാന്റിക്രാഫ്റ്റ്‌സ് ഹൗസ് ഓഫ് തായിഫ് റോസസ് സ്വദേശികളെ ആകർഷിക്കുന്നു. കമ്മീഷന്റെ മേല്‍നോട്ടത്തില്‍ കരകൗശല മേഖലയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ തായിഫിലെ യുവജനങ്ങളെ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വാണിജ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ഗുണപരമായ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ വ്യത്യസ്തമായ കരകൗശല ഉല്‍പന്നങ്ങള്‍ നിര്‍മിക്കാൻ പരിശീലനം നൽകും.

തായിഫ് റോസാപ്പൂക്കളുടെ സുഗന്ധം പ്രകടിപ്പിക്കുന്ന പെര്‍ഫ്യൂമുകള്‍, മെഴുകുതിരികള്‍, സോപ്പുകള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. ഈ ഉല്‍പന്നങ്ങള്‍ തായിഫ് ജനതയുടെ പ്രാദേശിക ഐഡന്റിറ്റിയെ പ്രതിനിധീകരിക്കുന്നു. നൂതനവും ആകര്‍ഷകവുമായ പരമ്പരാഗത രീതികള്‍ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള പെര്‍ഫ്യൂമുകള്‍ വേര്‍തിരിച്ചെടുക്കുന്നതിലും മെഴുകുതിരികളും സോപ്പുകളും നിര്‍മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പ്രാദേശിക കരകൗശല വിദഗ്ധരുടെ കഴിവുകള്‍ ഉയര്‍ത്തിക്കാണിച്ച് ദേശീയ സ്വത്വം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം, പാരമ്പര്യത്തിന്റെ അതിരുകളില്‍ ഒതുങ്ങാതെ, ആധുനികതയും നൂതന കണ്ടുപിടുത്തങ്ങളും സെന്റര്‍ പ്രയോജനപ്പെടുത്തുന്നു. കരകൗശല വൈദഗ്ധ്യവും പ്രകൃതിദത്ത ഉല്‍പന്നങ്ങള്‍ക്കുള്ള ആധുനിക ആവശ്യകതയും സംയോജിപ്പിക്കുന്ന ഉല്‍പാദന സംവിധാനങ്ങള്‍ കേന്ദ്രത്തില്‍ അടങ്ങിയിരിക്കുന്നു.