തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കെഎസ്യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ശക്തമായ കല്ലേറും സംഘർഷവും. പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരെ യൂണിവേഴ്സിറ്റി കോളജിൽനിന്ന് കല്ലേറുണ്ടായതാണ് സംഘർഷങ്ങളുടെ തുടക്കം. തുടർന്ന് യൂത്ത് കോൺഗ്രസ്–കെഎസ്യു പ്രവർത്തകർ കോളജിനു നേരെ തിരികെ കല്ലെറിയുകയും മതിൽ ചാടിക്കടന്ന് ഫ്ലക്സുകൾ നശിപ്പിക്കുകയും ചെയ്തു.
സംഘർഷം പിന്നീട് പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിനു മുന്നിലേക്കും വ്യാപിച്ചു. ഹോസ്റ്റലിൽനിന്നു പ്രവർത്തകർക്കു നേരെ എസ്എഫ്ഐക്കാർ കല്ലെറിഞ്ഞതോടെ യൂത്ത് കോൺഗ്രസ്–കെഎസ്യു പ്രവർത്തകരും ശക്തമായി തിരിച്ചടിച്ചു. ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റൽ കോമ്പൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.
കല്ലേറ് രൂക്ഷമായതിനെ തുടർന്ന് സ്ഥിതി നിയന്ത്രണവിധേയമാക്കാൻ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. പ്രതിഷേധം ശമിക്കാതെ വന്നതോടെ പൊലീസ് ഹോസ്റ്റൽ പരിസരത്തേക്ക് കയറി ലാത്തിവീശി പ്രവർത്തകരെ ഓടിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംഭവസ്ഥലത്തെത്തി. പോലീസ് ഗുണ്ടായിസമാണ് നടക്കുന്നതെന്നും ഇത് എത്രയും വേഗം അവസാനിപ്പിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.







