കാഠ്മണ്ഡു: അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളാൽ പിടിമുറുക്കിയ നേപ്പാളിൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ച് മണിക്കൂറുകൾക്കകം പ്രസിഡന്റ് റാം ചന്ദ്ര പൗഡലും സ്ഥാനമൊഴിഞ്ഞു. ഇതോടെ രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് ആഴ്ന്നിറങ്ങി. ഉടൻ തന്നെ സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അഴിമതിയും ദുർഭരണവും ചൂണ്ടിക്കാട്ടി യുവതലമുറ നയിക്കുന്ന പ്രക്ഷോഭങ്ങൾക്കിടയിലാണ് ഈ ഇരട്ട രാജി. ‘ജെൻ സി’ എന്ന് അവകാശപ്പെടുന്ന പ്രക്ഷോഭകർ കർഫ്യൂ ലംഘിച്ച് സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നത് തുടരുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഏർപ്പെടുത്തിയ വിവാദപരമായ നിരോധനമാണ് പ്രക്ഷോഭങ്ങൾക്ക് തിരികൊളുത്തിയത്. രക്തരൂക്ഷിതമായ പ്രക്ഷോഭങ്ങളെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഈ നിരോധനം പിൻവലിച്ചിരുന്നു.
പ്രക്ഷോഭത്തിൽ ഇതുവരെ 22 പേർ മരിച്ചതായാണ് വിവരം. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം ചൊവ്വാഴ്ചയും അതേ തീവ്രതയോടെ തുടരുകയാണ്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾക്കും പാർലമെന്റ് കെട്ടിടത്തിനും പ്രക്ഷോഭകർ തീയിട്ടു.
രാജ്യത്തെ പ്രതികൂല സാഹചര്യവും രാഷ്ട്രീയ പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് താൻ സ്ഥാനമൊഴിയുന്നതെന്ന് കെ.പി. ശർമ ഒലി രാജിക്കത്തിൽ വ്യക്തമാക്കി.