ജിദ്ദ – ഇറാന്‍ ഇന്റലിജന്‍സ് മന്ത്രാലയത്തില്‍ ഇസ്രായില്‍ ചാരവൃത്തി ചെറുക്കാന്‍ സ്ഥാപിച്ച പ്രത്യേക യൂനിറ്റിന്റെ മേധാവി തന്നെ ഇസ്രായില്‍ ചാരനാണെന്ന് പിന്നീട് തെളിഞ്ഞതായി മുന്‍ ഇറാന്‍ പ്രസിഡന്റ് അഹ്മദി നെജാദ് പറഞ്ഞു. തുര്‍ക്കിയിലെ സി.എന്‍.എന്‍ ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇറാനിലെങ്ങും ഇസ്രായില്‍ ചാരസംഘടന പിടിമുറുക്കിയതായി നെജാദ് വെളിപ്പെടുത്തിയത്. ഇസ്രായിലി ചാരസംഘടനയായ മൊസാദിന്റെ പ്രവര്‍ത്തനങ്ങള്‍ ചെറുക്കാന്‍ ഇറാന്‍ ഇന്റലിജന്‍സ് മന്ത്രാലയത്തില്‍ പ്രത്യേക യൂനിറ്റ് ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഈ യൂനിറ്റിന്റെ മേധാവിയായി നിയമിച്ച ഉദ്യോഗസ്ഥന്‍ തന്നെ ഇസ്രായില്‍ ചാരനാണെന്ന് പിന്നീട് തെളിഞ്ഞു.
തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ നിന്ന് ആണവ, ബഹിരാകാശ രേഖകള്‍ കൈക്കലാക്കല്‍ അടക്കം ഇറാനില്‍ വലിയ തോതില്‍ ചാരവൃത്തി നടത്താന്‍ ഇതിലൂടെ ഇസ്രായിലിന് സാധിച്ചു. രാജ്യത്ത് വലിയ മാഫിയാ സംഘമുണ്ട്. രാജ്യത്ത് ആണവ ശാസ്ത്രജ്ഞരുടെ വധത്തിലും നതാന്‍സ് ആണവ നിലയത്തിലുണ്ടായ സ്‌ഫോടനങ്ങളിലും തങ്ങള്‍ക്കുള്ള പങ്ക് അഴിമതിക്കാരായ ഈ സുരക്ഷാ മാഫിയ വിശദീകരിക്കണം. തുര്‍ഖുസാബാദില്‍ നിന്നും സ്‌പേസ് ഓര്‍ഗനൈസേഷനില്‍ നിന്നുള്ള സുപ്രധാന രേഖകള്‍ ഈ സംഘങ്ങള്‍ കവര്‍ന്നു. ഇത് തമാശയല്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന രേഖകളാണിവയെന്നും അഹ്മദി നെജാദ് പറഞ്ഞു.
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് കൃത്യമായ ആക്രമണത്തിലൂടെ വധിക്കാന്‍ ഇസ്രായിലിന് സാധിച്ചിരുന്നു. ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് മുഹമ്മദ് റഈസിയുടെ വധത്തിലും ഇസ്രായിലിന് പങ്കുള്ളതായി വ്യാപകമായി കരുതപ്പെടുന്നു. ഹിസ്ബുല്ലയിലാകെ നുഴഞ്ഞുകയറാന്‍ ഇസ്രായിലി ചാരസംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. അതികൃത്യവും സൂക്ഷ്മവുമായ ആക്രമണങ്ങളിലൂടെ ഹസന്‍ നസ്‌റല്ല അടക്കം ഹിസ്ബുല്ല നേതാക്കളെ ഒന്നൊന്നായി ഇസ്രായില്‍ വകവരുത്തിയതും ഇതാണ് വ്യക്തമാക്കുന്നത്.