ദുബായ്– ഇറാൻ എണ്ണടാങ്കറിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വീണ്ടും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. മാൾട്ടീസ് പതാക വഹിച്ച സി.എം.എ സി.ജി.എം സാൽ അന്റോണിയോ എന്ന കണ്ടെയ്‌നർ കപ്പലിന് നേരെ ചൊവ്വാഴ്ച ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഏഴ് ഫിലിപ്പിനോ നാവികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഫിലിപ്പീൻസ് മൈഗ്രന്റ് വർക്കേഴ്സ് സെക്രട്ടറി ഹാൻസ് ലിയോ കാക്ഡാക് അറിയിച്ചു.
സമാധാന ചട്ടക്കൂട് അംഗീകരിക്കുകയോ അല്ലെങ്കിൽ ശക്തമായ സൈനിക നടപടി നേരിടുകയോ ചെയ്യണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് അന്ത്യശാസനം നൽകിയിട്ടുണ്ട്. എന്നാൽ, ജലപാതയിലെ ശത്രു യുദ്ധക്കപ്പലുകൾക്ക് നേരെ തങ്ങളുടെ സൈന്യം വെടിയുതിർത്തതായി ഇറാൻ സ്റ്റേറ്റ് മീഡിയ അവകാശപ്പെട്ടു. അമേരിക്കയും ഇറാനും പരസ്പരം വെടിനിർത്തൽ ലംഘനങ്ങൾ ആരോപിക്കുന്നതോടെ നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ആഗോള ചരക്കുനീക്കത്തെ ബാധിച്ചു. ഏകദേശം 1,500 കപ്പലുകളും അവയിലെ ജീവനക്കാരും ഗൾഫ് ഉൾക്കടലിൽ കുടുങ്ങിക്കിടക്കുകയാണെന്ന് യുഎന്നിന്റെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) മേധാവി പനാമയിൽ വ്യക്തമാക്കി. ഹോർമുസിലെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഇറാൻ തയ്യാറാകാത്തത് ആഗോള എണ്ണ വിപണിയെയും ബാധിച്ചേക്കും.



