ഗാസ – വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ഹമാസ് വിട്ടയച്ച മൂന്നു ഇസ്രായിലി വനിതാ ബന്ദികളില്‍ ഒരാളായ എമിലി ഡമാരിയയുടെ രണ്ടു കൈവിരലുകള്‍ തട്ടിക്കൊണ്ടുപോകലിനിടെ നഷ്ടപ്പെട്ടതായി 28 കാരിയുടെ കുടുംബത്തെ ഉദ്ധരിച്ച് ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 471 ദിവസത്തിനു ശേഷം ഞായറാഴ്ചയാണ് എമിലി ഡമാരിയയും മറ്റു രണ്ട് വനിതാ ബന്ദികളും മോചിതരായത്.

എമിലി ഡമാരിയയും ബന്ധുക്കളും തമ്മിലുള്ള വീഡിയോ കോളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ അവരുടെ പരിക്കേറ്റതും ബാന്‍ഡേജ് ചെയ്തതുമായ കൈ കാണാമായിരുന്നു. ഇസ്രായിലി സര്‍ക്കാര്‍ പുറത്തുവിട്ട അമ്മക്കൊപ്പമുള്ള എമിലി ഡമാരിയയുടെ മറ്റൊരു ഫോട്ടോയിലും അവരുടെ കൈക്ക് പരിക്കേറ്റതായി കാണാമായിരുന്നു. ഡമാരിക്ക് ഇസ്രായിലി, ബ്രിട്ടീഷ് പൗരത്വമുണ്ട്. 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിനിടെ കിബ്ബുട്‌സ് കഫാര്‍ അസയിലെ വീട്ടില്‍ നിന്നാണ് ഡമാരിയ തട്ടിക്കൊണ്ടുപോകലിന് ഇരയായത്.
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് വിട്ടയച്ച മൂന്ന് ബന്ദികള്‍ അതിദുഷ്‌കരമായ ജീവിത സാഹചര്യങ്ങള്‍ അനുഭവിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അവര്‍ നരകത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് എനിക്കറിയാം, എല്ലാവര്‍ക്കും അറിയാം. അവര്‍ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും തടങ്കലില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കും വരുന്നു – ബന്ദികളുടെ മോചനത്തെ കുറിച്ച് അറിയിച്ച ഇസ്രായിലി ഉദ്യോഗസ്ഥനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ നെതന്യാഹു പറഞ്ഞു.