തെല്‍അവീവ് – ഗാസ നിവാസികളെ പട്ടിണിക്കിടുന്നതിന് ഇസ്രായിലിനെതിരെ അന്താരാഷ്ട്ര സമൂഹം കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അക്കാദമിക് വിദഗ്ധര്‍, കലാകാരന്മാര്‍, ബുദ്ധിജീവികള്‍ എന്നിവരുള്‍പ്പെടെയുള്ള ഇസ്രായിലിലെ പ്രമുഖര്‍ ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. ഓസ്‌കാര്‍ ജേതാവായ സംവിധായകന്‍ യുവാല്‍ അവ്രഹാം, മുന്‍ ഇസ്രായിലി അറ്റോര്‍ണി ജനറല്‍ മൈക്കല്‍ ബെന്‍-യെയര്‍, ഇസ്രായില്‍ പാര്‍ലമെന്റിന്റെ (നെസെറ്റ്) മുന്‍ സ്പീക്കര്‍ അവ്രഹാം ബര്‍ഗ്, ജൂത ഏജന്‍സിയുടെ മുന്‍ തലവന്‍, ഇസ്രായിലിലെ പരമോന്നത സാംസ്‌കാരിക ബഹുമതിയായ ഇസ്രായില്‍ പ്രൈസ് നേടിയ സാംസ്‌കാരിക നായകര്‍ അടക്കമുള്ളവര്‍ കത്തില്‍ ഒപ്പിട്ട 31 പേരില്‍ ഉള്‍പ്പെടുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
ചിത്രകാരന്‍ മൈക്കല്‍ നീമാന്‍, അവാര്‍ഡ് ജേതാവായ ഡോക്യുമെന്ററി ഫിലിം മേക്കര്‍ റാണന്‍ അലക്സാണ്ട്രോവിച്ച്, ഗോള്‍ഡന്‍ ലയണ്‍ ജേതാവായ ലെബനോന്‍ സിനിമ ഡയറക്ടര്‍ സാമുവല്‍ മാവോസ്, കവി അഹരോണ്‍ ഷബ്തായ്, നൃത്തസംവിധായകന്‍ ഇന്‍ബാല്‍ പിന്റോ എന്നിവരും ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.
ഗാസയിലെ ജനങ്ങളെ ഇസ്രായില്‍ പട്ടിണിക്കിട്ട് കൊല്ലുകയും ദശലക്ഷക്കണക്കിന് ഫലസ്തീനികളെ ഗാസയില്‍ നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കാന്‍ ആലോചിക്കുന്നതായും കത്തില്‍ ആരോപിക്കുന്നു. ഈ ക്രൂരമായ സൈനിക നടപടി അവസാനിപ്പിച്ച് സ്ഥിരമായ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുന്നതുവരെ അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനെതിരെ കര്‍ശനമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇസ്രായേലിനെ വ്യക്തമായി വിമര്‍ശിക്കുന്നതിനാലും, അന്താരാഷ്ട്ര ഉപരോധങ്ങളെ പിന്തുണക്കുന്നതിനുള്ള കര്‍ശനമായ വിലക്ക് ലംഘിക്കുന്നതിനാലും ഈ കത്ത് പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് പത്രം വിശദീകരിച്ചു. ഇത്തരം നടപടികള്‍ക്ക് വേണ്ടി വാദിക്കുന്നവരെ ലക്ഷ്യം വെച്ചുള്ള നിയമങ്ങള്‍ ഇസ്രായിലി രാഷ്ട്രീയക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.


പട്ടിണി കാരണം മെലിഞ്ഞ ഫലസ്തീന്‍ കുട്ടികളുടെ ചിത്രങ്ങള്‍ പുറത്തുവരികയും ഭക്ഷ്യ വിതരണ കേന്ദ്രങ്ങളില്‍ പട്ടിണി കിടക്കുന്ന ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം വെടിവെക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കുമിടെ ഗാസ യുദ്ധത്തെ കുറിച്ച വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര ഭീതി ഇസ്രായിലിനുള്ളിലും വിശാലമായ ആഗോള ജൂത സമൂഹത്തിലും കൂടുതലായി പ്രതിഫലിക്കുന്നുണ്ടെന്ന് ദി ഗാര്‍ഡിയന്‍ പറഞ്ഞു. 21 മാസത്തെ ഗാസ യുദ്ധത്തില്‍ 60,000 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇസ്രായിലി പ്രമുഖര്‍ കത്ത് പ്രസിദ്ധീകരിച്ചത്.
തിങ്കളാഴ്ച, രണ്ട് പ്രമുഖ ഇസ്രായിലി മനുഷ്യാവകാശ സംഘടനകളായ ബിത്സെലെമും ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇസ്രായിലും ഗാസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ വംശഹത്യ നയം നടപ്പാക്കുകയാണെന്ന് വിലയിരുത്തി റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കി. ഇസ്രായിലില്‍ നിലവിലുള്ള വിലക്ക് ലംഘിച്ചാണ് ഇരു സംഘടനകളും റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയത്.
ഗാസയിലെ വ്യാപകമായ പട്ടിണിക്ക് ഇസ്രായില്‍ സര്‍ക്കാര്‍ ആണ് ഉത്തരവാദിയെന്ന് അമേരിക്കയിലെ ഏറ്റവും വലിയ ജൂത വിഭാഗമായ റിഫോം മൂവ്മെന്റ് ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. വ്യാപകമായ പട്ടിണിയുടെ നിര്‍വചനങ്ങളെ കുറിച്ച് വാദിക്കാന്‍ ആരും സമയം ചെലവഴിക്കരുത്. സ്ഥിതി ദാരുണവും മാരകവുമാണ്. നിരവധി ഗാസ നിവാസികള്‍ പട്ടിണി കിടക്കുകയോ പട്ടിണിയുടെ വക്കിലാവുകയോ ചെയ്യുന്നതിന് കാരണം ഹമാസാണെന്നും ഈ മാനുഷിക ദുരന്തത്തിന് ഇസ്രായില്‍ ഉത്തരവാദിയല്ല എന്നുമുള്ള വാദങ്ങള്‍ നാം അംഗീകരിക്കരുത്. ഇത്രയും വലിയ തോതിലുള്ള മനുഷ്യ ദുരന്തത്തിന് മുന്നില്‍ വേദനിക്കുന്ന ഹൃദയങ്ങളോടെയാണ് അടിസ്ഥാന ധാര്‍മിക പ്രതികരണം ആരംഭിക്കേണ്ടത്.
ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യുതി എന്നിവ നിഷേധിക്കുന്നത്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് നിഷേധിക്കുന്നതിന് ഒഴികഴിവില്ല. നമ്മുടെ ദുഃഖം നിസ്സംഗതയായി മാറാന്‍ അനുവദിക്കരുത്. ഇസ്രായിലിനോടുള്ള നമ്മുടെ സ്നേഹം ദുര്‍ബലരുടെ നിലവിളികള്‍ക്ക് മുന്നില്‍ നമ്മെ അന്ധരാക്കരുത്. ഈ നിമിഷത്തിന്റെ ധാര്‍മിക വെല്ലുവിളിയിലേക്ക് നമുക്ക് ഉയരാം – റിഫോം മൂവ്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഈ മാസാദ്യം മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി എഹുദ് ഓള്‍മെര്‍ട്ട് നടത്തിയ പ്രസ്താവനകള്‍ക്കു പിന്നാലെയാണ് ഇസ്രായിലിനെതിരായ ശക്തമായ വിമര്‍ശനങ്ങള്‍ ജൂത സംഘടനകളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉയരാന്‍ തുടങ്ങിയത്. റഫയുടെ അവശിഷ്ടങ്ങളില്‍ ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായില്‍ കാറ്റ്സ് നിര്‍ദേശിച്ച മാനുഷിക നഗരം ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പായിരിക്കുമെന്നും ഫലസ്തീനികളെ അതിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നത് വംശീയ ഉന്മൂലനമാണെന്നും എഹുദ് ഓള്‍മെര്‍ട്ട് ഗാര്‍ഡിയനോട് പറഞ്ഞിരുന്നു.
യുഎന്നിന്റെ കൃത്യവും ഡാറ്റാധിഷ്ഠിതവുമായ ഭക്ഷ്യസുരക്ഷാ നിരീക്ഷണ സംവിധാനം, ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍, ഗാസയില്‍ യഥാര്‍ഥ പട്ടിണി ഉണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചത് എന്നിവയുള്‍പ്പെടെയുള്ള ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഉദ്യോഗസ്ഥരും വലതുപക്ഷ എന്‍.ജി.ഒകളും ഗാസയില്‍ പട്ടിണി നിലനില്‍ക്കുന്നു എന്നത് നിഷേധിക്കുന്നത് തുടരുകയാണ്.