ദുബൈ: നഗരത്തിലെ 43 ബസ്, മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു.
ഇത്തസലാത്ത് ആന്റുമായി (e&) സഹകരിച്ചുകൊണ്ടുള്ള ഈ സംരംഭം പൊതുഗതാഗത യാത്രക്കാർക്ക് സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവയിലൂടെ കണക്ടഡ് ആയിരിക്കാൻ സഹായിക്കുമെന്നും ഞങ്ങളുടെ എല്ലാ സേവനങ്ങളിലും ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും ആർടിഎ പറഞ്ഞു.
ഇക്കഴിഞ്ഞ മാർച്ചിൽ, ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റൽ സേവനങ്ങൾ ത്വരിതപ്പെടുത്തുന്ന 360 സേവന നയം ദുബൈ ആർടിഎ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആർടിഎയുടെ മിക്ക സേവനങ്ങളും ഉപയോക്താക്കൾക്ക് സ്വയം ഓൺലൈൻ വഴി നേടാനുള്ള മോഡലിലേക്ക് മാറി. ദുബായ് നൗ ആപ്പ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ഉപഭോക്താക്കൾക്ക് ഇത്തരം സേവനങ്ങൾ സുഗമമായി ലഭ്യമാക്കാം.