ഹൈദരാബാദ്: മാനസിക പ്രശ്നങ്ങളെ തുടർന്ന് ഹൈദരാബാദിൽ ഇരുപത്തഞ്ചുകാരിയായ മുൻ ഐ.ടി ജീവനക്കാരി ജീവനൊടുക്കി. നഗ്നയായി ക്ഷേത്രത്തിലേക്ക് നടന്നുപോയ യുവതി പിന്നീട് കുളത്തിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് ശനിയാഴ്ച അറിയിച്ചു.
വിശാഖപട്ടണത്തേക്ക് താമസം മാറുന്നതിന് മുമ്പ് ഇവർ ബെംഗളൂരുവിൽ ഐ.ടി ജീവനക്കാരിയായി ജോലി ചെയ്തിരുന്നു. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്ന് പിതാവ് വിശാഖപട്ടണത്താണ് താമസിക്കുന്നത്. യുവതിയും അമ്മയും ഹൈദരാബാദിലെ പീർസാദിഗുഡയിലാണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ജൂലൈ 17-ന് യുവതിയും അമ്മയും പുതിയതായി വാങ്ങുന്നതിനായി ഒരു ഡബിൾ ബെഡ്റൂം അപ്പാർട്ട്മെൻ്റ് കാണാൻ നഗരത്തിലെ മിയാപൂരിൽ പോയിരുന്നു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ ഇരുവരും വെവ്വേറെ മുറികളിലാണ് ഉറങ്ങാൻ കിടന്നത്. പിന്നീട്, യുവതി അമ്മയുടെ കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയ ശേഷം നഗ്നയായി ക്ഷേത്രത്തിലേക്ക് പോവുകയും കുളത്തിൽ ചാടുകയുമായിരുന്നു.
ശനിയാഴ്ച രാവിലെ വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം അമ്മയ്ക്ക് കൈമാറി. യുവതിയുടെ പിതാവിനെയും വിവരമറിയിച്ചതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുവതിക്കും അമ്മയ്ക്കും അകാരണമായ ഭയവും (ഫോബിയ) മറ്റ് മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നതായും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.




