മക്ക: വിശുദ്ധ നഗരത്തിലെ ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റിലുള്ള ‘ഹോളി ഖുർആൻ മ്യൂസിയത്തിൽ’ പ്രദർശിപ്പിച്ചിരിക്കുന്ന ഖുർആന്റെ ആദ്യകാല ജർമ്മൻ വിവർത്തന പതിപ്പ് സന്ദർശകർക്ക് അത്ഭുതമാകുന്നു. വിശുദ്ധ ഖുർആന്റെ വിവർത്തന ചരിത്രവും ആഗോളതലത്തിലുള്ള സ്വാധീനവും വ്യക്തമാക്കുന്ന ഈ അപൂർവ ഗ്രന്ഥം 1623-ൽ ജർമ്മൻ നഗരമായ നുറംബർഗിലാണ് അച്ചടിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഖുർആൻ എത്തിക്കുന്നതിനും ഇതര ഭാഷക്കാർക്ക് ഇസ്‌ലാമിക പ്രമാണങ്ങൾ പരിചയപ്പെടുത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ശ്രമങ്ങളുടെ വലിയ സാക്ഷ്യമായാണ് ഈ പതിപ്പ് വിലയിരുത്തപ്പെടുന്നത്.
യൂറോപ്യൻ രാജ്യങ്ങൾക്ക് ഖുർആൻ പഠനങ്ങളോടുണ്ടായിരുന്ന ആദ്യകാല താല്പര്യത്തെയും വിജ്ഞാന കൈമാറ്റത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രദർശനം. റിയാദിലെ കിംഗ് ഫഹദ് നാഷണൽ ലൈബ്രറിയുടെ ശേഖരത്തിലുള്ള ഈ പൈതൃക ഗ്രന്ഥം, രാജ്യത്തിന്റെ സാംസ്കാരിക പ്രൗഢിയും ചരിത്രപരമായ അറിവുകളും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് മ്യൂസിയത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. ചരിത്ര ഗവേഷകർക്കും തീർത്ഥാടകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് മ്യൂസിയം ഈ വിജ്ഞാന ശേഖരം ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ ഖുർആൻ ഒരു വഴികാട്ടിയും ജ്ഞാനസ്രോതസ്സുമെന്ന നിലയിൽ ചരിത്രത്തിലുടനീളം ചെലുത്തിയ സ്വാധീനം ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ പ്രദർശനത്തിലൂടെ മ്യൂസിയം ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ സൗദി അറേബ്യയുടെ സാംസ്കാരിക സാന്നിധ്യം ഉറപ്പിക്കാനും ഇത്തരം പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.



