ന്യൂയോർക്ക് സിറ്റി – ഗാസയിൽ റമദാൻ മാസത്തിൽ വെടിർത്തൽ പ്രഖ്യാപിക്കണമെന്ന് യു.എൻ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. ഇസ്രായിൽ സഖ്യകക്ഷിയായ അമേരിക്ക വിട്ടുനിന്നതിനെ തുടർന്നാണ് പ്രമേയം പാസായത്. മുൻ പ്രമേയങ്ങളെല്ലാം അമേരിക്ക വീറ്റോ ചെയ്തതിനെ തുടർന്ന് പാസായിരുന്നില്ല. പ്രമേയത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു.
വൻ കരഘോഷത്തോടെയാണ് പ്രമേയം പാസായത്. സെക്യൂരിറ്റി കൗൺസിലിലെ 14 അംഗങ്ങളും വിശുദ്ധമാസത്തിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ടു.
“സ്ഥിരമായ വെടിനിർത്തലിന്” നേതൃത്വം നൽകുന്നതിന് ശത്രുത അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഒക്ടോബർ 7 ന് ഹമാസ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
അവസാന നിമിഷം, “സ്ഥിരമായ” വെടിനിർത്തൽ എന്ന വാക്ക് നീക്കം ചെയ്യുന്നതിനെ റഷ്യ എതിർക്കുകയും ഒരു വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അത് പാസാക്കാനായില്ല.
ശത്രുത അവസാനിപ്പിക്കാനും എല്ലാ ബന്ദികളെ മോചിപ്പിക്കാനും മാനുഷിക സഹായ വിതരണം വർധിപ്പിക്കാനും ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ രാജ്യങ്ങൾ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ പ്രമേയം പ്രശംസിച്ചു. അൽജീരിയയാണ് പ്രമേയം തയ്യാറാക്കിയത്.