റിയാദ് – സൗദിയിൽ എ.ഐ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും സൗദി ടെലികോം കമ്പനിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള എ.ഐ കമ്പനിയായ ഹ്യൂമൈനും ധാരണാപത്രം ഒപ്പുവെച്ചു. സൗദി ടെലികോം കമ്പനിക്കു കീഴിലെ ഡിജിറ്റൽ ഡാറ്റ ആന്റ് കമ്മ്യൂണിക്കേഷൻസ് സെന്റേഴ്സ് കമ്പനി (സെന്റർ 3) യും ഹ്യൂമൈനും ചേർന്നാണ് എ.ഐ ഡാറ്റാ സെന്ററുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുക. ഉപയോക്താക്കളുമായുള്ള കരാർ ബാധ്യതകൾക്കനുസരിച്ച്, ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഒരു ജിഗാവാട്ട് ലോഡ് വരെ ഉയർന്ന പ്രവർത്തന ശേഷിയുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് സംയുക്ത സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ്.ടി.സി പറഞ്ഞു. പദ്ധതിയിൽ ഹ്യൂമൈന് 51 ശതമാനം ഓഹരിയും എസ്.ടി.സിക്ക് 49 ശതമാനം ഓഹരിയുമാണുണ്ടാവുക.
ഹ്യൂമൈനുമായുള്ള സംയുക്ത സംരംഭം രാജ്യത്തിന്റെ ഡിജിറ്റൽ ഭാവി പ്രാപ്തമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായി എസ്.ടി.സി പ്രസ്താവിച്ചു. ഈ സംയുക്ത സംരംഭം സെന്റർ 3 കമ്പനിയുടെ വിപുലമായ പ്രവർത്തന സ്‌കെയിൽ, ഡാറ്റാ സെന്റർ മേഖലയിലെ മുൻനിര സ്ഥാനം എന്നിവയെ ആധുനിക സാങ്കേതിക ആവാസവ്യവസ്ഥയിലുടനീളം സംയോജിത ശേഷികൾ വർധിപ്പിക്കുന്നതിൽ ഹ്യൂമൈൻ കമ്പനിയുടെ തന്ത്രപരമായ പങ്കുമായി സംയോജിപ്പിക്കുന്നു. കൃത്രിമ ബുദ്ധിയുടെ യുഗത്തിൽ നിർണായകമായ ഉയർന്ന ശേഷിയുള്ള, കുറഞ്ഞ പ്രതികരണ സമയമുള്ള പശ്ചാത്തല സൗകര്യത്തിന് ഇത് അടിത്തറയിടുന്നു.
നൂതന ഡിജിറ്റൽ പശ്ചാത്തല സൗകര്യങ്ങൾ പ്രാദേശികവൽക്കരിച്ചും എ.ഐ ശേഷികളുടെ വികസനം പ്രാപ്തമാക്കിയും മേഖലയിലെ മുൻനിര ഡിജിറ്റൽ ഹബ് എന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തിയും ഈ പദ്ധതി സൗദി അറേബ്യയുടെ വിഷൻ 2030 നെ പിന്തുണക്കുന്നതായും കമ്പനി പറഞ്ഞു. പങ്കാളിത്തങ്ങളിലൂടെയും വിവിധ മേഖലകളിൽ പുതിയ കമ്പനികൾ സ്ഥാപിക്കുന്നതിലൂടെയും രാജ്യത്തിന്റെ ഡിജിറ്റൽ ആവാസവ്യവസ്ഥയെ ശാക്തീകരിക്കാനാണ് എസ്.ടി.സി ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് എസ്.ടി.സി ഗ്രൂപ്പിലെ കോർപ്പറേറ്റ് ഡെവലപ്‌മെന്റ് ഇൻവെസ്റ്റ്‌മെന്റ് വൈസ് പ്രസിഡന്റ് സുഹൈൽ സൽമാൻ അൽഫാരിസ് പറഞ്ഞു.
കൃത്രിമ ബുദ്ധി മേഖലയിൽ സൗദി അറേബ്യയെ ആഗോള തലത്തിൽ മുൻനിര സ്ഥാനത്തെത്തിക്കാനുള്ള രണ്ട് കമ്പനികളുടെയും പ്രതിബദ്ധത ഹ്യൂമൈനുമായുള്ള പങ്കാളിത്ത കരാർ പ്രതിഫലിപ്പിക്കുന്നതായി എസ്.ടി.സി ഗ്രൂപ്പിനു കീഴിലെ സെന്റർ 3 കമ്പനി സി.ഇ.ഒ ഫഹദ് അൽഹാജിരി പറഞ്ഞു. മേഖലയിലെ ഡിജിറ്റൽ ഹബ്ബായി സൗദി അറേബ്യയെ സ്ഥാപിക്കുക എന്ന പ്രാഥമിക ദൗത്യത്തോടെയാണ് സെന്റർ 3 കമ്പനി 2022 ൽ സ്ഥാപിതമായത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ തന്ത്രപരമായ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് കമ്പനിയുടെ പേരിന് നിദാനം.
പൊതു, സ്വകാര്യ മേഖലകൾക്ക് പുറമേ, എ.ഐ കമ്പനികളെയും ഉള്ളടക്ക ദാതാക്കളെയും പ്രധാനമായും ലക്ഷ്യമിടുന്ന ഡാറ്റാ സെന്റർ സേവനങ്ങൾ കമ്പനി നൽകുന്നുണ്ട്. ഡാറ്റാ സെന്ററുകൾക്ക് പുറമേ, ഈ കേന്ദ്രങ്ങൾക്ക് ലോകവുമായി ഉയർന്ന കാര്യക്ഷമതയുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്ന സമ്പൂർണ അന്തർവാഹിനി കേബിൾ നെറ്റ്വർക്ക് സംവിധാനവും കമ്പനി നൽകുന്നു. സൗദി അറേബ്യയിൽ ഇന്റർനെറ്റിന്റെ 50 ശതമാനം പ്രാദേശികവൽക്കരിക്കുക എന്ന ലക്ഷ്യം കമ്പനി ഇതിനകം നേടിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള പ്രധാന കേന്ദ്രമായി സൗദി അറേബ്യയെ മാറ്റുക എന്ന ദൗത്യം കമ്പനി തുടരുകയാണെന്നും ഫഹദ് അൽഹാജിരി പറഞ്ഞു.



