ജനീവ: ഇറാനുമായുള്ള ഉന്നതതല ചര്‍ച്ചകളില്‍ അതീവ നിർണായക പുരോഗതി കൈവരിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പ്രഖ്യാപിച്ചു. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ അനുവദിക്കാമെന്ന് ഇറാന്‍ സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കില്‍ ഞായറാഴ്ച ആരംഭിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ വരെ നീണ്ടുനിന്ന ചര്‍ച്ചകൾക്ക് ശേഷമാണ് യു.എസ് വൈസ് പ്രസിഡന്റിന്റെ പ്രതികരണം.
അമേരിക്കയിലെയും ഇറാനിലെയും ജനങ്ങള്‍ക്ക് ഒരുപോലെ ഗുണകരമായ നല്ലൊരു കരാറാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് ജെ.ഡി. വാന്‍സ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് നിലവിൽ തുറന്നിരിക്കുകയാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ നിന്നുള്ള പരിശോധകരെ രാജ്യത്തേക്ക് തിരികെ ക്ഷണിക്കാന്‍ ഇറാന്‍ സമ്മതിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ആഴ്ചകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക ചര്‍ച്ചകള്‍ തുടരും. വിജയകരമായ ഒരു അന്തിമ കരാറിലെത്തുന്നതിനായി ശക്തമായ അടിത്തറ പാകാൻ ഈ ചർച്ചകൾക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ആണവായുധങ്ങള്‍ നേടാനുള്ള ശ്രമങ്ങള്‍ അന്തിമമായി ഉപേക്ഷിക്കാനും ആണവ പദ്ധതികള്‍ നിര്‍ത്തലാക്കാനുമുള്ള ആദ്യപടിയാണിത്. അതാണ് ഞങ്ങൾ ആഗ്രഹിച്ചതും ഇറാനോട് കൃത്യമായി ആവശ്യപ്പെട്ടതെന്ന് യു.എസ് വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
ശാശ്വതമായ ഒരു സമാധാന കരാറിലെത്തുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ രണ്ട് ഏകോപന സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് മൈനുകള്‍ നീക്കം ചെയ്യാനും സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാനുമാണ് ഒന്നാമത്തെ സംവിധാനം പ്രവർത്തിക്കുക. രണ്ടാമത്തെ സംവിധാനം ലെബനോനിലെ വെടിനിര്‍ത്തലിന് മേല്‍നോട്ടം വഹിക്കും.
ഖത്തര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ചർച്ചകൾക്കൊടുവിൽ 60 ദിവസത്തിനുള്ളില്‍ അന്തിമ കരാറിലെത്താന്‍ ലക്ഷ്യമിട്ടുള്ള റോഡ്മാപ്പ് പ്രഖ്യാപിച്ചു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകൾ അവസാനിച്ചത്. ഒരു ഉന്നതതല കമ്മിറ്റിയും സാങ്കേതിക വര്‍ക്കിംഗ് ഗ്രൂപ്പുകളും സ്ഥാപിക്കുന്നതിനൊപ്പം, ഹോര്‍മുസ് കടലിടുക്കിനായി പ്രത്യേക ഹോട്ട്ലൈനും ലെബനോനിലെ സ്ഥിതിഗതികൾ ശാന്തമാക്കാൻ പ്രത്യേക ‘ഡീ-എസ്‌കലേഷന്‍ സെല്ലും’ രൂപീകരിക്കുന്നത് ഈ റോഡ്മാപ്പിന്റെ ഭാഗമാണ്.
അമേരിക്കയും ഇറാനും ലെബനോനും ഉള്‍പ്പെടുന്ന രീതിയിലാണ് മധ്യസ്ഥരുടെ നേതൃത്വത്തിൽ ഡീ-എസ്‌കലേഷന്‍ സെല്‍ സ്ഥാപിക്കുന്നത്. ലെബനോനിലെ ഇസ്രായില്‍ ആക്രമണങ്ങളില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്വിസ് ധാരണകള്‍ നടപ്പാക്കാനും വെടിനിര്‍ത്തല്‍ സ്ഥിരപ്പെടുത്താനും പ്രധാന തടസ്സമായി നിൽക്കുന്നത് ലെബനോനിലെ ഇസ്രായില്‍ ആക്രമണങ്ങളാണെന്നാണ് വിലയിരുത്തൽ.
അതേസമയം, ഇറാന്‍ തങ്ങളുടെ അഭിമാനവും അന്തസ്സും ഉയർത്തിപ്പിടിച്ചാണ് ചര്‍ച്ചകളില്‍ പങ്കെടുത്തതെന്നും യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്തിട്ടില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പ്രസ്താവിച്ചു. തങ്ങളുടെ അവകാശങ്ങള്‍ അവഗണിക്കപ്പെടുന്നതോ താല്‍പ്പര്യങ്ങള്‍ക്ക് കോട്ടംതട്ടുന്നതോ ഇറാന്‍ അംഗീകരിക്കില്ല. നിലവിലുള്ള ധാരണകളുടെ ചട്ടക്കൂടിനുള്ളില്‍, ഇറാന്‍ മുന്നോട്ടുവെച്ച വ്യവസ്ഥകളിലാണ് ഒപ്പുവെച്ചിട്ടുള്ളത്. ഞങ്ങളുടെ അവകാശങ്ങൾ അവഗണിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ തലകുനിക്കില്ല. ലെബനോൻ വിഷയത്തിൽ മറ്റ് കക്ഷികൾക്ക് പിന്നോട്ട് പോകേണ്ടി വന്നു. അടുത്തിടെ ആരംഭിച്ച ചർച്ചകൾ പോസിറ്റീവായ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് പറഞ്ഞു. വ്യാപാരത്തിനും നിക്ഷേപത്തിനും ഇപ്പോള്‍ ഇറാനിലെ സാഹചര്യങ്ങള്‍ കൂടുതൽ അനുകൂലമാണെന്നും അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മുമ്പത്തേക്കാള്‍ വേഗത്തിലും മെച്ചപ്പെട്ട രീതിയിലും മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


യുദ്ധസമയത്ത് രാജ്യത്തെ വാണിജ്യ-വ്യാപാരി മേഖലകൾ നൽകിയ പിന്തുണയെ പെസെഷ്‌കിയാന്‍ പ്രശംസിച്ചു. യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനില്‍ ജനകീയ പ്രതിഷേധങ്ങളുണ്ടാകുമെന്നും ഭരണകൂടം തകരുമെന്നും ശത്രുക്കൾ കരുതിയിരുന്നു. എന്നാൽ ഇറാൻ സമൂഹത്തിന്റെ കരുത്ത് വിലയിരുത്തുന്നതിൽ അവർക്ക് തെറ്റുപറ്റി. മൂന്ന് ദിവസത്തിനുള്ളിൽ രാജ്യം തകരുമെന്ന് കരുതിയവർക്ക് മുന്നിൽ വ്യാപാരികളും ജനങ്ങളും ഒന്നിച്ച് നിന്ന് രാജ്യത്തെ കാത്തുസൂക്ഷിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വാചാടോപങ്ങള്‍ ഒഴിവാക്കണമെന്നും ഭിന്നത ശത്രുക്കൾക്ക് മാത്രമേ ഗുണം ചെയ്യൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചർച്ചകൾ വിജയകരമായി പൂർത്തിയായ പശ്ചാത്തലത്തിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ചൊവ്വാഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് ഇറാന്‍ പ്രസിഡന്‍സി പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഹബീബുല്ല അബ്ബാസി വ്യക്തമാക്കി.



