വാഷിങ്‌ടൺ– കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ട്രംപ് ഭരണകൂടം കൂടുതൽ രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ഫലസ്തീൻ അതോറിറ്റി പാസ്‌പോർട്ട് കൈവശമുള്ളവർക്കുമാണ് പുതുതായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ 12 രാജ്യങ്ങൾക്ക് സമ്പൂർണ യാത്രാവിലക്കും 7 രാജ്യങ്ങൾക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വന്ന പുതിയ തീരുമാനത്തോടെ, അമേരിക്ക യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 30 ആയി ഉയർന്നു.
വൈറ്റ്ഹൗസിന് മുന്നിൽ അഫ്ഗാൻ പൗരൻ നടത്തിയ വെടിവെപ്പിന് പിന്നാലെയാണ് അനധികൃത കുടിയേറ്റം തടയുന്നതിനായി യാത്രാവിലക്ക് പട്ടിക വിപുലീകരിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഈ വെടിവെപ്പിൽ രണ്ട് ദേശീയ സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.
പുതിയ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലെ പൗരന്മാരുടെ വിസ നടപടികൾ കൂടുതൽ കർക്കശമാക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ പട്ടികയിൽ ബുർകിന ഫാസോ, മാലി, നൈജർ, സൗത് സുഡാൻ, സിറിയ എന്നീ രാജ്യങ്ങൾ ഇടം നേടി. ഇതിനു പുറമെയാണ് ഫലസ്തീൻ അതോറിറ്റിയുടെ പാസ്‌പോർട്ട് കൈവശമുള്ള വിദേശ പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയത്. നേരത്തെ ഭാഗിക നിയന്ത്രണമുള്ള ലാവോസ്, സിയറ ലിയോൺ എന്നീ രാജ്യങ്ങൾക്ക് ഇപ്പോൾ പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അഴിമതി, വ്യാജ യാത്രാ രേഖകൾ, ക്രിമിനൽ പശ്ചാത്തലം എന്നിവയുള്ള വിദേശ പൗരന്മാർ കുടിയേറുന്നത് വഴി തങ്ങളുടെ പൗരന്മാർക്കും രാജ്യത്തിനും സുരക്ഷാ വെല്ലുവിളിയുണ്ടാക്കുന്നു എന്നതിനാലാണ് നിയന്ത്രണം വിപുലീകരിക്കുന്നതെന്ന് ട്രംപ് ഭരണകൂടം വിശദീകരിച്ചു. വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ വീസ അപേക്ഷകൾ പരിശോധിക്കാൻ ബുദ്ധിമുട്ടുണ്ട്, വിസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ താമസിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. കൂടാതെ, കുടിയേറ്റ വിരുദ്ധ പരിശോധനയ്ക്കിടെ പിടിക്കപ്പെടുന്നവരെ സ്വീകരിക്കാൻ സ്വന്തം രാജ്യങ്ങൾ വിമുഖത കാണിക്കുന്നതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജൂണിൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങൾ: അഫ്ഗാനിസ്താൻ, ബർമ, ചാഡ്, കോംങ്കോ, ഗിനിയ, എറിത്രിയ, ഹെയ്‌തി, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, യെമൻ.
തുടർന്ന് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങൾ: ബറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്മെനിസ്‌താൻ, വെനിസ്വേല.
ഭാഗിക നിയന്ത്രണമുള്ള 15 രാജ്യങ്ങൾ: അംഗോള, ആന്റിഗ്വ ബർബുഡ, ബെനിൻ, ഐവറി കോസ്റ്റ്, ഡൊമിനിക, ഗാബോൺ, ഗാംബിയ, മലാവി, മൗറിത്താനിയ, നൈജീരിയ, സെനഗാൾ, താൻസാനിയ, ടോംഗോ, സാംബിയ, സിംബാബ്വെ.



