വാഷിംഗ്ടണ്‍ – ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസ് വ്യോമസേനക്ക് ഏഴ് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തില്‍ ഇതുവരെ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 365 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രണ്ട് യു.എസ് യുദ്ധവിമാനങ്ങള്‍ – ഒരു എഫ്-15 ഉം ഒരു എ-10 ഉം – ഇറാന്‍ വെടിവച്ചതോടെ ഇറാനുമായുള്ള സംഘര്‍ഷത്തില്‍ നഷ്ടപ്പെട്ട യു.എസ് വിമാനങ്ങളുടെ എണ്ണം ഏഴായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു.
യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍, മാര്‍ച്ച് 2 ന്, കുവൈത്തിന് മുകളില്‍ നടന്ന സൗഹൃദ വെടിവെപ്പില്‍ മൂന്ന് എഫ്-15 വിമാനങ്ങള്‍ കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം അബദ്ധത്തില്‍ വെടിവെച്ചുവീഴ്ത്തി. ഈ വിമാനങ്ങളിലെ ആറ് ക്രൂ അംഗങ്ങളും സുരക്ഷിതമായി രക്ഷപ്പെട്ടു. ഇക്കൂട്ടത്തില്‍ പെട്ട മൂന്ന് പൈലറ്റുമാര്‍ ഇറാനെതിരായ പറക്കല്‍ ദൗത്യങ്ങളില്‍ തിരിച്ചെത്തിയതായി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 12 ന്, ആകാശത്തു വെച്ച് യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറക്കുന്ന കെ.സി-135 ടാങ്കര്‍ വിമാനം ഇറാഖില്‍ തകര്‍ന്ന് ആറ് യു.എസ് ഉദ്യോഗസ്ഥര്‍ മരിച്ചു. ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാനെതിരായ യു.എസ് ആക്രമണമായ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിക്കിടെ ടാങ്കര്‍ വിമാനം മറ്റൊരു വിമാനവുമായി അപകടത്തില്‍ ഉള്‍പ്പെട്ടതായി യു.എസ് സൈന്യം പറഞ്ഞു. രണ്ടാമത്തെ വിമാനം പ്രശ്നമില്ലാതെ ലാന്‍ഡ് ചെയ്തു.
മാര്‍ച്ച് 27 ന് സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിനിടെ ഒരു ഇ-3 സെന്‍ട്രി വ്യോമ മുന്നറിയിപ്പ്, നിയന്ത്രണ വിമാനം ഗ്രൗണ്ടിലിരിക്കെ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ ആക്രമണത്തില്‍ കുറഞ്ഞത് 10 യു.എസ് സൈനികര്‍ക്ക് പരിക്കേറ്റു. എന്നിരുന്നാലും ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തില്‍ ഒരു യു.എസ് വ്യോമസേനാ ടാങ്കറിനും കേടുപാടുകള്‍ സംഭവിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മറ്റൊരു സംഭവത്തില്‍, കഴിഞ്ഞ മാസം ഇറാന്‍ വെടിവെപ്പില്‍ ഒരു യു.എസ് എഫ്-35 യുദ്ധവിമാനം മിഡില്‍ ഈസ്റ്റിലെ യു.എസ് താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതമായയതായി ഇതേകുറിച്ച് പരിചയമുള്ള രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 28 ന് യു.എസും ഇസ്രായിലും ഇറാനില്‍ സംയുക്ത ആക്രമണം ആരംഭിച്ചു. സുപ്രീം നേതാവ് അലി ഖാംനഇ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ ഇതുവരെ ഇറാനില്‍ കൊല്ലപ്പെട്ടു. ഇസ്രായിലില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി ഇറാന്‍ തിരിച്ചടിച്ചു. ജോര്‍ദാന്‍, ഇറാഖ്, യു.എസ് സൈനിക താവളങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയെയും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണങ്ങള്‍ നടത്തി. യുദ്ധത്തില്‍ ഇറാനില്‍ ഇതുവരെ 1,900 ലേറെ പേര്‍ മരണപ്പെടുകയും 20,000 ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ റെഡ് ക്രസന്റ് അറിയിച്ചു. ഹുര്‍മുസ് കടലിടുക്കിലെ ഇറാന്റെ പിടി അടുത്തൊന്നും അയയാന്‍ സാധ്യതയില്ലെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കി.



