കുവൈത്ത് സിറ്റി– ഇറാന്‍ ആക്രമണത്തിൽ കുവൈത്തില്‍ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന ഇറാന്‍ മാധ്യമങ്ങളുടെ അവകാശവാദങ്ങള്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് നിഷേധിച്ചു. അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന നിലക്ക് പ്രചരിക്കുന്ന അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. മേഖലയില്‍ വിന്യസിച്ചിരിക്കുന്ന യു.എസ് സൈനികര്‍ക്കിടയില്‍ മരണമോ പരിക്കുകളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ല. എല്ലാ അമേരിക്കന്‍ സൈനികരുടെയും സുരക്ഷ തങ്ങള്‍ പരിശോധിച്ചു. മുഴുവന്‍ സൈനികരും സുരക്ഷിതരാണ്. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള മൂന്ന് കരാതിര്‍ത്തി പോസ്റ്റുകള്‍ക്കു നേരെ ആക്രമണമുണ്ടായതായും ഭൗതിക നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. കുവൈത്ത് പ്രാദേശിക ജലാതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന കുവൈത്ത് ഓയില്‍ കമ്പനിയുടെ ഓഫ്ഷോര്‍ ഡ്രില്ലിംഗ് പ്ലാറ്റ്ഫോമുകളിലൊന്നിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ഇത് ഭൗതിക നാശനഷ്ടങ്ങള്‍ക്കും ഒരു തൊഴിലാളിക്ക് പരിക്കേല്‍ക്കാനും കാരണമായതായും പ്രതിരോധ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.



