വാഷിംഗ്ടൺ– ഇറാന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള ഭീഷണിയോ ആക്രമണമോ ഉണ്ടായാൽ നേരിടാൻ ആയിരക്കണക്കിന് മിസൈലുകൾ സർവ്വസജ്ജമാക്കി നിർത്തിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ഇറാന് കടുത്ത സൈനിക മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. ഇറാന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായാൽ തൊടുക്കാൻ ആയിരം മിസൈലുകൾ ഇപ്പോൾത്തന്നെ സജ്ജമാണെന്നും, തൊട്ടുപിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ വേറെയും പ്രയോഗിച്ച് ഇറാന്റെ എല്ലാ പ്രദേശങ്ങളെയും പൂർണ്ണമായും തകർക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രായിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരെ വധിക്കാൻ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പരസ്യമായ ആഹ്വാനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ ശക്തമായ പ്രതികരണം.
ആഗോള ഇന്ധന വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തില്ലെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണമെന്ന് യുഎസ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പ്രദേശം തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും ഇതിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുമെന്നുമാണ് ഇറാന്റെ നിലപാട്. പതിറ്റാണ്ടുകളായി അന്താരാഷ്ട്ര ജലപാതയായി കണക്കാക്കപ്പെടുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ അവകാശവാദം ഉന്നയിക്കുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഈ ആഴ്ച ആദ്യം മൂന്ന് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന് യുഎസ് ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായി ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാനും പ്രത്യാക്രമണം നടത്തി.
നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാന്റെ ആണവപദ്ധതി പൂർണ്ണമായും അവസാനിപ്പിക്കുന്നതിനും സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം കൈമാറുന്നതിനും തയ്യാറായാൽ മാത്രമേ പുതിയ ആണവ കരാർ സാധ്യമാകൂ എന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്തപക്ഷം ശക്തമായ സൈനിക നടപടികളിലേക്ക് നീങ്ങുമെന്നാണ് യുഎസ് നൽകുന്ന മുന്നറിയിപ്പ്. അതേസമയം, കടലിടുക്കിലെ തർക്കങ്ങൾ പരിഹരിക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒമാൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നുണ്ട്. ഇരുപക്ഷവും കരാറുകൾ പാലിച്ചാൽ മാത്രമേ മേഖലയിൽ സമാധാനം സാധ്യമാകൂ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.



