ലണ്ടൻ– പശ്ചിമേഷ്യയിൽ ഇറാൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെ, അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകി സഖ്യകക്ഷിയായ ബ്രിട്ടൻ. ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കായി തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കില്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കി. താവളങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള കരാറുകൾ പ്രതിരോധ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും, ആക്രമണ സ്വഭാവമുള്ള സൈനിക നടപടികൾ ഇതിന്റെ പരിധിയിൽ വരില്ലെന്നും ബ്രിട്ടീഷ് ഗവൺമെന്റ് വക്താവിനെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇറാനിലെ എണ്ണ-ആണവ നിലയങ്ങൾ ലക്ഷ്യമിട്ട് നേരിട്ടുള്ള സൈനിക നടപടിക്ക് അമേരിക്ക പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബ്രിട്ടന്റെ ഈ പിന്മാറ്റം. ദീർഘകാല പ്രതിരോധ കരാറുകളുടെ ലംഘനമാകുന്ന തരത്തിൽ ആക്രമണ സ്വഭാവമുള്ള യുദ്ധങ്ങൾക്കായി തങ്ങളുടെ മണ്ണ് വിട്ടുനൽകാനാവില്ലെന്ന് ലണ്ടൻ കർശന നിലപാടെടുത്തു. ഇതോടെ പശ്ചിമേഷ്യൻ മേഖലയിൽ യുഎസ് നടത്തുന്ന തന്ത്രപരമായ നീക്കങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



