വാഷിങ്ടൺ– 2026-ലെ ബജറ്റ് പാസാക്കുന്നതിൽ യു.എസ് കോൺഗ്രസ് പരാജയപ്പെട്ടതോടെ അമേരിക്കയിൽ വീണ്ടും ഭാഗിക ഭരണസ്തംഭനം. 2026-ലെ ബജറ്റിന് യു.എസ് കോൺഗ്രസ് അംഗീകാരം നൽകാത്തതിനെത്തുടർന്ന് ജനുവരി 30 അർധരാത്രിയോടെയാണ് സർക്കാർ പ്രവർത്തനങ്ങൾ ഭാഗികമായി നിലച്ചത്. 11 ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് അമേരിക്ക ഷട്ട്ഡൗണിലേക്ക് നീങ്ങുന്നത്. ഇതിനു തൊട്ടുമുൻപത്തെ ഭരണസ്തംഭനം 43 ദിവസം നീണ്ടുനിന്നിരുന്നു.
മിനിയാപൊളിസിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുകൾ പ്രതിഷേധക്കാരെ വെടിവെച്ചുകൊന്ന സംഭവത്തെത്തുടർന്ന് ഡെമോക്രാറ്റുകൾക്കിടയിലുണ്ടായ കടുത്ത പ്രതിഷേധമാണ് ബജറ്റ് ചർച്ചകൾ വഴിമുട്ടാൻ കാരണമായത്. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിനുള്ള ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എങ്കിലും, സെനറ്റ് അംഗീകരിച്ച ഫണ്ടിങ് കരാർ അടുത്ത ആഴ്ചയുടെ തുടക്കത്തിൽ പ്രതിനിധി സഭ അംഗീകരിക്കുമെന്നും തിങ്കളാഴ്ചയോടെ സർക്കാർ പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുമെന്നും സൂചനയുണ്ട്.
ഫണ്ടിങ് നിലച്ചതോടെ പ്രതിരോധം, ആഭ്യന്തര സുരക്ഷ, ഗതാഗതം, ട്രഷറി, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകളിലെ അവശ്യവിഭാഗത്തിൽ ഉൾപ്പെടാത്ത സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ കൃഷി വകുപ്പ്, നീതിന്യായ വകുപ്പ്, ദേശീയ പാർക്കുകൾ, വിമുക്തഭടന്മാർക്കുള്ള സേവനങ്ങൾ എന്നിവയെ നിലവിലെ പ്രതിസന്ധി ബാധിക്കില്ല. ഈ വിഭാഗങ്ങൾക്ക് സെപ്റ്റംബർ 30 വരെയുള്ള ഫണ്ട് നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്. കൂടാതെ ‘ഫുഡ് സ്റ്റാമ്പ്’ പോലുള്ള ജനക്ഷേമ പദ്ധതികളും തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.



