വാഷിംഗ്ടണ്‍– ഇറാനില്‍ പ്രതിഷേധത്തിനിടെയുണ്ടായ ആള്‍നാശത്തിനും നാശനഷ്ടങ്ങള്‍ക്കും ഇറാനുണ്ടായ അപകീര്‍ത്തിക്കും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഉത്തരവാദിയെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ ആരോപിച്ചു. രാജ്യത്ത് അദ്ദേഹം വരുത്തിയ മനുഷ്യ നഷ്ടങ്ങളും ഭൗതിക നാശനഷ്ടങ്ങളും കണക്കിലെടുത്ത് ഞങ്ങള്‍ യു.എസ് പ്രസിഡന്റിനെ ഒരു കുറ്റവാളിയായി കണക്കാക്കുന്നു. ഇറാന്‍ ജനതക്കെതിരെ ട്രംപ് ഉന്നയിച്ച ആരോപണങ്ങളെയും അപവാദങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. അമേരിക്കന്‍ പ്രസിഡന്റ് വ്യക്തിപരമായി ഇടപെട്ടതിനാല്‍ ഇറാനെതിരായ സമീപകാല പ്രകോപനം വ്യത്യസ്തമായിരുന്നു. രാജ്യത്ത് അടുത്തിടെയുണ്ടായ അസ്വസ്ഥതകള്‍ക്ക് പിന്നില്‍ ട്രംപ് ആണ്. ഇസ്രായിലുമായും അമേരിക്കയുമായും ബന്ധമുള്ളവര്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തി. പ്രതിഷേധത്തിനിടെ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തിയെന്നും അലി ഖാംനഇ പറഞ്ഞു.
ഇറാന്‍ അധികാരികള്‍ രാജ്യത്തെ യുദ്ധത്തിലേക്ക് വലിച്ചിഴക്കില്ല. പക്ഷേ, ആഭ്യന്തര, അന്തര്‍ദേശീയ കുറ്റവാളികളെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കില്ല. രാജ്യത്തെ സാമ്പത്തിക സ്ഥിതിഗതികള്‍ ഭയാനകമാണെന്ന് സമ്മതിച്ച ഖാംനഇ, പൗരന്മാര്‍ യഥാര്‍ഥ ബുദ്ധിമുട്ടുകള്‍ നേരിടുന്നു എന്നും കൂട്ടിച്ചേര്‍ത്തു. ഇറാനിലെ പ്രതിഷേധങ്ങളെ പിന്തുണക്കുന്നതിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ട്രംപിനെ അടുത്തിടെ ആവര്‍ത്തിച്ച് വിമര്‍ശിച്ച ഖാംനഇ, ട്രംപിനെ സ്വേച്ഛാധിപതിയായി വിശേഷിപ്പിക്കുകയും ഫറോവ വീണതുപോലെ ട്രംപും വീഴുമെന്ന് പറയുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുകയും മേഖലയില്‍ വിമാനവാഹിനിക്കപ്പലുകളും പടക്കപ്പലുകളും വിന്യസിക്കുകയും ചെയ്തിരുന്നു. ഇറാനെ സംബന്ധിച്ച് ട്രംപിന് മുന്നില്‍ എല്ലാ ഓപ്ഷനുകളും തുറന്നിട്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. എന്നിരുന്നാലും, പ്രതിഷേധക്കാരുടെ വധശിക്ഷ നിര്‍ത്തിവച്ചതിന് വെള്ളിയാഴ്ച ട്രംപ് ഇറാന്‍ നേതൃത്വത്തിന് നന്ദി പറയുകയും ഇറാനെതിരായ പ്രസ്താവനകള്‍ മയപ്പെടുത്തുകയും ചെയ്തു. വഷളാകുന്ന സാമ്പത്തിക, ജീവിത സാഹചര്യങ്ങള്‍ക്കെതിരെ ഡിസംബര്‍ 28 മുതല്‍ ഇറാനില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. ഇത് പിന്നീട് നിലവിലുള്ള ഭരണകൂടത്തിനെതിരായ രാഷ്ട്രീയ പ്രകടനങ്ങളായി മാറി. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഇസ്രായിലും അമേരിക്കയും ഇടപെടുന്നതായി ഇറാന്‍ അധികൃതര്‍ ആരോപിക്കുന്നുണ്ട്.
ഖാംനഇയുടെ ആരോപണത്തിന് പിന്നാലെ ട്രംപും രംഗത്തെത്തി. ഇറാനില്‍ അലി ഖാംനഇയുടെ ഭരണം അവസാനിപ്പിക്കാന്‍ സമയം അതിക്രമിച്ചതായാണ് ട്രംപ് പറഞ്ഞത്. ഇറാന്റെ സമ്പൂര്‍ണ നാശത്തിന് ഖാംനഇ കുറ്റക്കാരനാണ്. ഇറാന്‍ നേതാവിന്റെ 37 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കണം. ഇറാനില്‍ പുതിയ നേതൃത്വത്തെ അന്വേഷിക്കേണ്ട സമയമാണിത്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്ത എണ്ണൂറിലേറെ പേര്‍ക്ക് വധശിക്ഷ നടപ്പാക്കാതിരിക്കാന്‍ രണ്ട് ദിവസം മുമ്പ് എടുത്ത തീരുമാനമാണ് ഖാംനഇയുടെ എക്കാലത്തെയും മികച്ച തീരുമാനമെന്ന് ട്രംപ് പറഞ്ഞു.
ഇറാനിലെ ഭരണാധികാരികള്‍ ഭരണം നടത്താന്‍ അടിച്ചമര്‍ത്തലിനെയും അക്രമത്തെയും ആശ്രയിക്കുന്നതായി ട്രംപ് ചൂണ്ടികാട്ടി. രാജ്യത്തിന്റെ നേതാവെന്ന നിലയില്‍ അദ്ദേഹം ഇറാനെ പൂര്‍ണ്ണമായും നശിപ്പിക്കുകയും അഭൂതപൂര്‍വമായ തോതില്‍ അക്രമം നടത്തുകയും ചെയ്തു. രാജ്യം പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്താന്‍ നേതാക്കള്‍ രാജ്യം ശരിയായി ഭരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിയന്ത്രണം നിലനിര്‍ത്താന്‍ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല ചെയ്യേണ്ടത്. നേതൃത്വം ഭയത്തെയും മരണത്തെയും അടിസ്ഥാനമാക്കിയല്ല, ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഈ മനുഷ്യന്‍ (അലി ഖാംനഇ) രോഗിയാണ്. തന്റെ രാജ്യം ശരിയായി ഭരിക്കുകയും ആളുകളെ കൊല്ലുന്നത് നിര്‍ത്തുകയും വേണം. മോശം നേതൃത്വം കാരണം അദ്ദേഹത്തിന്റെ രാജ്യം ലോകത്തിലെ ഏറ്റവും മോശം സ്ഥലമായി മാറിയിരിക്കുന്നതായും ട്രംപ് കൂട്ടിചേർത്തു.



