തൃശൂര്‍- നവജാത ശിശുക്കളുടെ അസ്ഥിയുമായി സ്റ്റേഷനിലെത്തിയ സംഭവത്തില്‍ ഒരു കുട്ടിയെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് തെളിഞ്ഞതായി പോലീസ്. രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച് വിശദമായ അന്യേഷണം നടക്കുകയാണ്. അവിവാഹിതരായ ബവിന്, അനീഷ എന്നിവരുടെ കുട്ടികളുടെ അസ്ഥിയാണ് പോലീസ് സ്റ്റേഷനില്‍ കൊണ്ടു വന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ അകല്ച്ചയുണ്ടായതോടെ സ്റ്റേഷനിലെത്തി കുട്ടികളെ കുഴിച്ചിട്ട വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു ബവിന്. ശനിയാഴ്ച അര്‍ധരാത്രി മദ്യപിച്ച് കയ്യിലൊരു ഭാഗുമായി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു യുവാവ്. മാസം തികയുന്നതിന് മുന്‍പേ പ്രസവിച്ച കുട്ടികള്‍ മരണപ്പെട്ടെന്നും അവരുടെ അസ്ഥിയാണിതെന്നും പറഞ്ഞു. തുടര്‍ന്ന് പോലീസ് ബാഗ് പരിശോധിക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ ഇരുവരും പരിചയത്തിലാവുന്നത് ഒരു വര്‍ഷം കഴിഞ്ഞ് 2021ല്‍ ആദ്യ കുട്ടി ജനിച്ചു. കുട്ടി പ്രസവത്തില്‍ മരിച്ചെന്നാണ് യുവതിയും കുടുംബവും പറയുന്നത്. എന്നാല്‍ പ്രസവിച്ചത് ആരും അറിയാതിരിക്കാന്‍ യുവതി കൊലപ്പെടുത്തിയതാണ്. ബവിന്റെ നിര്‍ദേശ പ്രകാരമാണ് കുട്ടികളെ കുഴിച്ചിട്ടത്.
പിന്നീട് 2023ല്‍ രണ്ടാമത്തെ കുട്ടി ജനിച്ചു. കുട്ടി കരഞ്ഞപ്പോള്‍ മുഖം പൊത്തിപിടിച്ച് കൊന്നെന്നാണ് വിവരം. കുട്ടികളുടെ ആത്മാവിന് മോക്ഷം കിട്ടാന്‍ അസ്ഥികള്‍ കടലിലൊഴുക്കാമെന്ന് പറഞ്ഞാണ് യുവതിയില്‍ നിന്ന് കാമുകന് അസ്ഥികള്‍ വാങ്ങിയത്. എന്നാല്‍ അത് കളയാതെ സ്വന്തം വീട്ടില്‍ സൂക്ഷിച്ചു. അനീഷ വേറെ വിവാഹം കഴിക്കാന്‍ പോകുന്നതായി ബവിന് സംശയം ഉണ്ടാവുകയും വേറെ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയത് സംശയം വര്‍ധിപ്പിക്കുകയും ചെയ്തു. ബന്ധം ഒഴിഞ്ഞാല്‍ നേരത്തെ ഗര്‍ഭിണിയായത് തെളിയിച്ച് യുവതിയെ കുടുക്കാനാണ് ബവിന്റെ തീരുമാനം. ഇന്നലെ രാത്രിയും അനീഷയുടെ ഫോണ്‍ തിരക്കിലായതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് അസ്ഥിയുമായി സ്റ്റേഷനിലെത്തിയത്. കുട്ടികള്‍ ഇവരുടേതാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തും.