ജിദ്ദ – സൗദിയിലെ മൂന്നു പ്രധാന നഗരങ്ങളില്‍ ഷോറൂമുകള്‍ തുറന്ന് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ല. ഇതോടെ കമ്പനി സൗദിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ ദൗര്‍ലഭ്യവും ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ മുന്‍ഗണനയും കാരണം സൗദിയില്‍ ഇലക്ട്രിക് കാര്‍ വിപണി അത്ര ജനകീയമായിട്ടില്ലെങ്കിലും ടെസ്ലയുടെ വരവോടെ ഇത് മറികടക്കുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി, സൗദി രാഷ്ട്രത്തിന്റെ ആവിര്‍ഭാവ കേന്ദ്രമായ റിയാദിലെ ചരിത്രപ്രസിദ്ധമായ ദിര്‍ഇയയില്‍ ചടങ്ങ് സംഘടിപ്പിച്ചാണ് സൗദിയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്.
ടെസ്‌ലയുടെ ഏറ്റവും പുതിയ സൈബര്‍ട്രക്ക് ഉള്‍പ്പെടെ നാലു വാഹന മോഡലുകളും ഒരു റോബോട്ടും സ്വയം ഓടിക്കുന്ന സൈബര്‍കാബും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ മൂന്ന് താല്‍ക്കാലിക ഷോറൂമുകള്‍ വഴി സൗദിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ടെസ്ല സൗദി അറേബ്യ ഡയറക്ടര്‍ നസീം അക്ബര്‍ സാദ അറിയിച്ചു. ഇവിടങ്ങളില്‍ എട്ട് ഫാസ്റ്റ് ചാര്‍ജറുകള്‍ വീതമുള്ള മൂന്ന് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ട്.
സൗദിയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് റിയാദിലെ ഏറ്റവും പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകള്‍ക്ക് സമീപം ടെസ്ല കാറുകള്‍ സഞ്ചരിക്കുന്നത് പ്രദര്‍ശിപ്പിക്കുന്ന സ്‌ക്രീനിന് മുന്നില്‍ നിന്നുകൊണ്ട് നസീം അക്ബര്‍ സാദ പറഞ്ഞു. സൗദിയില്‍ ടെസ്‌ലയുടെ ദീര്‍ഘകാല സാന്നിധ്യത്തിന്റെ തുടക്കമാണിത്.
സമ്പദ് വ്യവസ്ഥയുടെ പ്രധാന വരുമാന സ്രോതസ്സുകളെ വൈവിധ്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമാരംഭം കുറിച്ച സൗദി വിഷന്‍ 2030 മായി പൂര്‍ണമായും പൊരുത്തപ്പെടുന്ന, തിളക്കമാര്‍ന്നതും സ്മാര്‍ട്ട് ആയതുമായ ഒരു ഭാവിയിലേക്കുള്ള ചുവടുവെപ്പാണിത് – നസീം അക്ബര്‍ സാദ പറഞ്ഞു.
സൗദിയില്‍ ഇലക്ട്രിക് വാഹന വിപണി ഇപ്പോഴും വളരെ ചെറുതാണ്. 2022 ല്‍ 210 ഉം 2023 ല്‍ 779 ഉം ഇലക്ട്രിക് വാഹനങ്ങളാണ് സൗദി അറേബ്യ ഇറക്കുമതി ചെയ്തത്. ഡാറ്റാ വെബ്സൈറ്റായ സ്റ്റാറ്റിസ്റ്റ റിപ്പോര്‍ട്ട് പ്രകാരം സൗദിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. സൗദിയില്‍ 101 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ മാത്രമേയുള്ളൂ. സൗദി അറേബ്യയെ അപേക്ഷിച്ച് ചെറിയ രാജ്യമായ യു.എ.ഇയില്‍ 261 ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ട്. സൗദി അറേബ്യയില്‍ ടെസ്ല 21 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി നിര്‍മിക്കുമെന്നും വേനല്‍ക്കാലത്ത് കാറുകള്‍ വിതരണം ചെയ്തു തുടങ്ങുമെന്നും നസീം അക്ബര്‍ സാദ അറിയിച്ചു.
2030 ആകുമ്പോഴേക്കും ആയിരത്തിലധികം സ്ഥലങ്ങളില്‍ 5,000 ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി (എവിക്) സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദിയില്‍ ജനങ്ങള്‍ ഇപ്പോഴും ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ വാഹനങ്ങളാണ് ഇഷ്ടപ്പെടുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ ഇന്ധന വില കുറവാണ്. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 2.33 റിയാലില്‍ കവിയില്ല. സൗദിയില്‍ നഗരങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക സാധ്യതയുണ്ടെങ്കിലും പ്രധാന നഗരങ്ങള്‍ തമ്മിലുള്ള ദീര്‍ഘദൂര ദൂരം ഇലക്ട്രിക് കാറുകളുടെ വ്യാപനത്തിന് പ്രധാന തടസമാണ്.
സൗദിയില്‍ തലസ്ഥാന നഗരിയായ റിയാദിനും രണ്ടാമത്തെ വലിയ നഗരമായ ജിദ്ദക്കും ഇടയിലുള്ള ദൂരം ഏകദേശം 950 കിലോമീറ്ററാണ്. ഇത് നിലവില്‍ ലഭ്യമായ മിക്ക ഇലക്ട്രിക് കാര്‍ ബാറ്ററികളുടെയും പരമാവധി പരിധിയേക്കാള്‍ (ഏകദേശം 400 കിലോമീറ്റര്‍) കൂടുതലാണ്. 50 ഡിഗ്രി സെല്‍ഷ്യസ് കവിയുന്ന താപനിലയും ഇലക്ട്രിക് വാഹന ബാറ്ററികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ഉയര്‍ന്ന ചൂടില്‍ എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വലിയ അളവില്‍ ഊര്‍ജം ചെലവഴിക്കേണ്ടിവരും.
സൗദി അറേബ്യയിലെ കമ്പനിയുടെ സാന്നിധ്യം മത്സരം വര്‍ധിപ്പിക്കുമെന്ന് മൂന്ന് വര്‍ഷമായി യു.എ.ഇയില്‍ നിന്ന് ഇറക്കുമതി ചെയ്ത ടെസ്ല മോഡല്‍ 3 ഉപയോഗിക്കുന്ന സൗദി യുവാവ് അബ്ദുറഹ്മാന്‍ അല്‍ഹമദ് പറഞ്ഞു. ഞങ്ങള്‍ക്ക് ഷോറൂം വേണ്ട, ഞങ്ങള്‍ക്ക് ഫാക്ടറി വേണം, ഉപഭോഗത്തിന്റെ മാത്രമല്ല, ഉല്‍പാദന പ്രക്രിയയുടെയും ഭാഗമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു – സൗദി സാമ്പത്തിക വിദഗ്ധന്‍ മുഹമ്മദ് അല്‍ഖഹ്താനി പറഞ്ഞു.
പരിമിതമായ വിപണിയാണെങ്കിലും മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ സൗദി അറേബ്യ ഇലക്ട്രിക് വാഹന വ്യവസായത്തെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്. ജിദ്ദക്കു സമീപം റാബിഗില്‍ ഫാക്ടറി തുറന്ന ലൂസിഡിന്റെ 60 ശതമാനം ഓഹരികള്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലാണ്. 2022 ല്‍ പ്രാദേശിക ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായ സീര്‍ സൗദി അറേബ്യ പ്രഖ്യാപിച്ചു. വൈദ്യുതി, വാതകം എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ നിര്‍മിക്കാന്‍ സൗദി അറേബ്യയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയുമായും സൗദി അറേബ്യ ധാരണയിലെത്തിയിട്ടുണ്ട്.
ഏകദേശം 3,46,000 റിയാല്‍ (92,000 ഡോളര്‍) വിലവരുന്ന സൗദി-അമേരിക്കന്‍ ആഡംബര ലൂസിഡ് കാറുകള്‍ റിയാദില്‍ കാണാന്‍ കഴിയും. ചൈനീസ് കമ്പനിയായ ബി.വൈ.ഡി മെയ് മാസത്തില്‍ വടക്കന്‍ റിയാദില്‍ ഷോറൂം തുറക്കുകയും ഇന്ധനത്തിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങള്‍ അടക്കം തങ്ങളുടെ കാറുകള്‍ താങ്ങാവുന്ന വിലയില്‍ വില്‍ക്കാന്‍ തുടങ്ങുകയും ചെയ്തു.