Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 9
    Breaking:
    • വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം
    • വയറെരിഞ്ഞും തല പുകഞ്ഞുമുള്ള ചിരി; സൗഹൃദങ്ങളുടെയോ പദവിയുടെയോ പേരിൽ ബോധ്യങ്ങൾ മറച്ചുപിടിക്കാത്ത ഒരാൾ, സലീം കുമാറിനെ ഓർത്തെടുത്ത് സുനിൽ പി ഇളയിടം
    • എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ ട്രംപിന്റെ നയം കോടതി റദ്ദാക്കി
    • വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി
    • സമർപ്പിത ദൗത്യം പൂർത്തിയാക്കി തനിമ ഹജ് വളണ്ടിയർമാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Articles

    വയറെരിഞ്ഞും തല പുകഞ്ഞുമുള്ള ചിരി; സൗഹൃദങ്ങളുടെയോ പദവിയുടെയോ പേരിൽ ബോധ്യങ്ങൾ മറച്ചുപിടിക്കാത്ത ഒരാൾ, സലീം കുമാറിനെ ഓർത്തെടുത്ത് സുനിൽ പി ഇളയിടം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/06/2026 Articles Latest 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    1984-85 കാലയളവിലാവണം സലിംകുമാർ മാല്യങ്കര എസ്.എൻ.എം. കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായി എത്തിയത്. ഉച്ചത്തിലുള്ള ചിരിയും മണ്ണിൽ വേരുള്ള തമാശകളും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള ഒരാൾ. തന്റെ ചിരി കൊണ്ട് സലിം അന്നേ കാമ്പസിൽ നിറഞ്ഞിരുന്നു. ഉറക്കെച്ചിരിച്ചും കൂടെയുള്ളവരെയെല്ലാം നിറയെ ചിരിപ്പിച്ചും കാമ്പസിനെ സലിംകുമാർ ഇളക്കിമറിച്ചു. പിന്നീടൊരിക്കൽ ഒരു ഇന്റർവ്യൂവിൽ ഹാസ്യം പാവപ്പെട്ടവന്റെ കലയാണെന്ന് സലിംകുമാർ പറഞ്ഞത് വായിച്ചപ്പോൾ ഞാനാ പഴയ ചിരിയെക്കുറിച്ചാണ് ഓർത്തത്. വയറെരിഞ്ഞും തല പുകഞ്ഞുമുള്ള ചിരിയായിരുന്നു അത്.

    ഞങ്ങൾ ഇരുവരുടെയും സുഹൃത്തായിരുന്ന രജിനാഥ് വഴിയാണ് ഞാൻ സലിംകുമാറുമായി അടുത്തത്. രജിനാഥ് കാമ്പസിലെ മികച്ച അഭിനേതാവായിരുന്നു; നല്ല രസികത്വമുള്ള ഒരാൾ. കാമ്പും കനവുമുള്ള ഫലിതങ്ങൾ രജി ഒന്നൊന്നായി പറയും. രജിനാഥിനെയും സലിമിനെയും തമ്മിലിണക്കിയതും ആ ഫലിതങ്ങളാവണം. അവരുടെ തമാശകൾക്കിടയിലിരുന്ന് ഞങ്ങൾ ആർത്തലച്ചു ചിരിച്ചു. ഫലിതത്തിന്റെ കലവറ അവരിൽ ഒഴിഞ്ഞതേയില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സലിംകുമാർ കാമ്പസിലെത്തിയ കാലത്ത് ഞാൻ ആദ്യവർഷ ബിരുദ വിദ്യാർത്ഥിയാണ്. സജീവമായ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിന്റെ കാലം. അക്കാലത്ത് ഒരു തവണ രജിനാഥായിരുന്നു ഞങ്ങളുടെ ആർട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനാർത്ഥി. മറുഭാഗത്ത് സലിംകുമാറും. രണ്ടു കലാകാരന്മാർ തമ്മിലുള്ള ചൂടേറിയ മത്സരം. നൂറിലധികം വോട്ടുകൾക്ക് രജിനാഥാണ് അന്ന് ജയിച്ചത്. തോറ്റവരെയും നാടിന് ആവശ്യമുണ്ടെന്ന് പറഞ്ഞ് സലിംകുമാർ ചിരിച്ചു. ഞങ്ങളെല്ലാവരും സലിമിനൊപ്പം ചിരിച്ചു. പിന്നെയും സുഹൃത്തുക്കളായി ഒരുമിച്ചു നടന്നു.

    അക്കാലത്തും ദൃഢമായ രാഷ്ട്രീയ നിലപാടുകളുള്ള ഒരാളായിരുന്നു സലിംകുമാർ. അടിയുറച്ച കെ.എസ്.യു. പ്രവർത്തകൻ. സൗഹൃദങ്ങളുടെയോ പദവിയുടെയോ പ്രശസ്തിയുടേയോ പേരിൽ തന്റെ ബോധ്യങ്ങൾ സലിംകുമാർ മറച്ചുപിടിച്ചിരുന്നില്ല. മാല്യങ്കര കോളേജ് അക്കാലത്ത് എസ്.എഫ്.ഐ.യുടെ ശക്തികേന്ദ്രമാണ്. അവിടെ കെ.എസ്.യു.ക്കാരനായി നിൽക്കുന്നതിൽ ലാഭമൊന്നുമില്ലായിരുന്നു. സലിംകുമാർ അത്തരം നഷ്ടങ്ങളെ വകവച്ചതേയില്ല; അന്നും പിന്നീടും.

    മാല്യങ്കര കോളേജ് അക്കാലത്ത് പലപ്പോഴും സംഘർഷഭരിതമാവുമായിരുന്നു. ഒരു ദിവസം ഇരുകൂട്ടർക്കുമിടയിൽ ചെറുതായി തുടങ്ങിയ വാക്കുതർക്കം പതിയെപ്പതിയെ അടികലശലിലേക്ക് വളർന്നു. ഇതേക്കുറിച്ചൊന്നും അറിയാതെ സലിം ഉച്ചയോടെയാണ് കാമ്പസിലെത്തിയത്. സംഘർഷം മുറുകും എന്നറിയാമായിരുന്നതുകൊണ്ട് ഞാനപ്പോൾ തന്നെ എന്തോ പറഞ്ഞ് സലിമിനെ കോളേജിൽ നിന്നും മടക്കിയയച്ചു. പിൽക്കാലത്ത്, കോളേജിലെ പൂർവവിദ്യാർത്ഥി സമ്മേളനങ്ങളിലൊന്നിൽ “സ്വന്തം സംഘടനക്കാരിൽ നിന്ന് എന്നെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം സുനിലിനായിരുന്നു” എന്നു പറഞ്ഞ് സലിംകുമാർ നിറഞ്ഞു ചിരിച്ചു!

    മാല്യങ്കരയിൽ നിന്ന് സലിംകുമാർ മഹാരാജാസിലെത്തി. അവിടെ നിന്ന് കലാഭവനിലേക്കും സിനിമയിലേക്കുമെല്ലാം പടർന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ പേരുകളിലൊന്നായി. ഇന്ത്യയിലെ സമുന്നതരായ നടന്മാരിലൊരാളായ ഭരത് സലിംകുമാറായി! സ്നേഹാഭിമാനങ്ങളോടെ ഞങ്ങളത് അകലെ നിന്നു കണ്ടു!

    മാല്യങ്കര കോളേജിലെ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ സാഗയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പിന്നീട് സലിംകുമാറുമായി ഞാൻ കൂടിച്ചേരുന്നത്. കോളേജിലെ പൂർവവിദ്യാർത്ഥിയായിരുന്ന അനൂപ് പ്രതാപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയായിരുന്നു അത്. മാല്യങ്കര കോളേജിൽ വച്ചു നടന്ന സാഗയുടെ വാർഷിക സമ്മേളനങ്ങളിലെല്ലാം സലിംകുമാറുണ്ടാവുമായിരുന്നു. പലപ്പോഴും ഞാനും. ഒരു തവണ ദുബായിൽ നടന്ന സാഗ ഫെസ്റ്റിവലിലും സലിംകുമാറിനൊപ്പം ഞാൻ പങ്കെടുത്തു. കാലവും ജീവിതവും കൊണ്ട് അകന്നുപോയ ഞങ്ങളുടെ വഴികൾ സാഗയിലൂടെ വീണ്ടുമിണങ്ങി.

    “ഈശ്വരാ വഴക്കില്ലല്ലോ!” എന്നായിരുന്നു സലിംകുമാർ തന്റെ ഓർമ്മക്കുറിപ്പുകൾക്ക് നൽകിയ പേര്. വലിയൊരു ചിരിയുടെയും ചിന്തയുടെയും പേരായിരുന്നു അത്. സലിംകുമാറിന്റെ ജീവിതവീക്ഷണത്തിന്റെ കാതലാണ് ആ വാക്യമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. വിദ്വേഷവും കാലുഷ്യവും കലരാതെ ജീവിതത്തെ നോക്കി ഉറക്കെച്ചിരിച്ച ഒരാൾ. ലോകത്തോടും മനുഷ്യരോടും സലിമിന് ഉദാരമായ സ്നേഹമുണ്ടായിരുന്നു. എല്ലാത്തിനെയും വലിയ ഒരു ചിരിയിൽ അലിയിക്കാൻ അതിനു കഴിഞ്ഞു.

    നിശിതമായ ജീവിത ബോധ്യങ്ങളായിരുന്നു സലിമിന്റേത്. ചുറ്റുമുള്ള സമൂഹത്തെയും ജീവിതത്തെയും കുറിച്ചുള്ള ആഴമേറിയ തിരിച്ചറിവ് അതിൽ നിറഞ്ഞുനിന്നു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനാകാൻ അന്നത്തെ കൃഷിമന്ത്രിയായിരുന്ന ശരദ്പവാർ പണിപ്പെടുന്നതിനെക്കുറിച്ച് “ഇന്ത്യയിലെ കൃഷിമന്ത്രിയുടെ ഏറ്റവും വലിയ ആഗ്രഹം ക്രിക്കറ്റ് ബോർഡ് ചെയർമാനാകണമെന്നാണ്. പിന്നെ ഈ രാജ്യമെങ്ങനെ നന്നാകും?” എന്നു ചോദിച്ച് സലിംകുമാർ ഒരഭിമുഖത്തിൽ ഉറക്കെ ചിരിക്കുന്നുണ്ട്. ജീവിതത്തിൽ വേരുള്ള രാഷ്ട്രീയ ബോധ്യത്തിന്റെ ചിരിയും ചോദ്യവുമായിരുന്നു അത്. അങ്ങനെ ചോദിക്കാനുള്ള ബലവും ചരിത്രവിവേകവുമുള്ള താരങ്ങൾ നമുക്ക് ഏറെയൊന്നും ഉണ്ടായിട്ടില്ല.

    രണ്ടറ്റങ്ങളിലും തൊടുന്നതായിരുന്നു സലിംകുമാറിന്റെ അഭിനയരീതി. ചിലപ്പോഴൊക്കെ അത് ഉച്ചത്തിലുള്ളതും ശബ്ദായമാനവുമായി. മറ്റു ചിലപ്പോഴൊക്കെ സൂക്ഷ്മവും നിശബ്ദവുമായി. രണ്ടിടത്തും സലിംകുമാർ അനായാസമായാണ് നിലകൊണ്ടത്. ആദ്യകാല സിനിമകളിലെ കഥാപാത്രങ്ങളിൽ സലിംകുമാർ തന്നെത്തന്നെ കോരിനിറച്ചു. പിന്നീടിങ്ങോട്ട് കഥാപാത്രത്തിൽ നിന്നും തന്നെ അഴിച്ചുമാറ്റി. കഥാപാത്രങ്ങളിൽ താനായി നിറയാനും, കഥാപാത്രങ്ങളിൽ നിന്ന് സ്വയം മറയാനും സലിമിന് കഴിയുമായിരുന്നു. അയാൾ രണ്ടറ്റങ്ങളിലും ജീവിച്ചു.

    ഒടുവിൽ കണ്ടത് ഒരു കൊല്ലത്തിനപ്പുറമാണ്. വീട്ടിലുണ്ടോ എന്നു ചോദിച്ച് പെട്ടെന്നൊരു ദിവസം സലിം വിളിച്ചു. പിറ്റേന്നോ മറ്റോ വീട്ടിലേക്കുവന്നു. സലിമിന്റെ ബാല്യകാലസുഹൃത്തും പറവൂരിലെ ഇ.എം.എസ്. പഠനകേന്ദ്രത്തിന്റെ പ്രധാന പ്രവർത്തകനുമായ ദേവദാസിനൊപ്പമാണ് സലിം വന്നത്. തന്റെ ഓർമ്മക്കുറിപ്പുകളുടെ പുസ്തകം സലിം അന്നെനിക്കു സമ്മാനമായി തന്നു. മുൻപേ തന്നെ ഞാനതു വാങ്ങിയിരുന്നുവെങ്കിലും ആ ഉപഹാരം വലിയ സന്തോഷത്തോടെയാണ് ഞാൻ സ്വീകരിച്ചത്. സലിം അന്ന് ക്ഷീണിതനായിരുന്നു. എങ്കിലും കുറെനേരം ഞങ്ങൾ സംസാരിച്ചിരുന്നു. പതിവു പോലെ പലതും പറഞ്ഞു ചിരിച്ചു. ഒരു മണിക്കൂറോളമിരുന്ന ശേഷം സലിം യാത്ര പറഞ്ഞു മടങ്ങി. പിന്നീടൊരു കാഴ്ച ഉണ്ടായില്ല.

    ഞായറാഴ്ച രാവിലെ പറവൂർ ടൗൺഹാളിൽ വലിയൊരു ജനാവലിക്കു നടുവിൽ സലിം നിശ്ചലനായി കിടക്കുകയായിരുന്നു. ആൾക്കൂട്ടത്തിനു നടുവിൽ നിശബ്ദനും നിശ്ചലനുമായ സലിമിന്റെ ദൃശ്യം അസാധാരണമായ ഒന്നായിരുന്നു. സലിമിന്റെ ജീവിതത്തിലൊരിക്കലും അങ്ങനെയുണ്ടായിക്കാണില്ല. നിറഞ്ഞു കവിയുന്ന ജീവിതോത്സാഹമായിരുന്നു അയാൾ. മരണത്തിനു മാത്രമേ അതിനെ മറികടക്കാൻ കഴിയുമായിരുന്നുള്ളൂ.

    ഉച്ചയോടെ ടൗൺ ഹാളിൽ വലിയ തിരക്കായി. സമയത്തിൽ നിന്നും കാലത്തിലേക്കുള്ള സലിംകുമാറിന്റെ യാത്ര തുടങ്ങുകയായിരുന്നു. ചുറ്റും നിറയെ മനുഷ്യർ. മുഖ്യമന്ത്രി മുതൽ എണ്ണമറ്റ ചലച്ചിത്രതാരങ്ങൾ വരെയുള്ളവർ. സലിംകുമാറിനെ അറിയുന്നവരും സലിംകുമാർ നേരിട്ടറിയാത്തവരുമായ നൂറുക്കണക്കിന് മനുഷ്യർ പുറത്ത് മഴയത്ത് ക്ഷമയോടെ ക്യൂ നിന്നു.

    ടൗൺ ഹാൾ തിങ്ങിനിറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ പതിയെ പുറത്തേക്കിറങ്ങി. ധാരാളം പരിചയക്കാർ. അവരോട് ചുരുക്കം ചില വാക്കുകൾ പറഞ്ഞ് ടൗൺ ഹാളിന് പുറത്തേക്കു നടന്നു. നിറഞ്ഞു പടരുന്ന ഒരു ചിരി ഓർമ്മയിൽ അലയടിക്കുന്നുണ്ടായിരുന്നു.

    ടൗൺഹാളിനു പുറത്തുകടന്ന് റോഡിനരികിലൂടെ ഞാൻ പതുക്കെ നടന്നു. ഒരാകാശ നക്ഷത്രം കൂടി വിരിയുന്നല്ലോ എന്ന് മനസ്സിലോർത്തു.

    “പാവമീ നാടിൻ സ്വർണ്ണ –
    ക്കിണ്ണമായിരുന്നവൻ
    ദാ നോക്കൂ, വാനിൽ –
    പൂർണ്ണചന്ദ്രനായവൻ വീണ്ടും”

    പ്രിയനേ… വിട!

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress Film salim kumar Sunil P ilayidam
    Latest News
    വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം
    09/06/2026
    വയറെരിഞ്ഞും തല പുകഞ്ഞുമുള്ള ചിരി; സൗഹൃദങ്ങളുടെയോ പദവിയുടെയോ പേരിൽ ബോധ്യങ്ങൾ മറച്ചുപിടിക്കാത്ത ഒരാൾ, സലീം കുമാറിനെ ഓർത്തെടുത്ത് സുനിൽ പി ഇളയിടം
    09/06/2026
    എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ ട്രംപിന്റെ നയം കോടതി റദ്ദാക്കി
    09/06/2026
    വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി
    09/06/2026
    സമർപ്പിത ദൗത്യം പൂർത്തിയാക്കി തനിമ ഹജ് വളണ്ടിയർമാർ
    09/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.