അരീക്കോട്: ഫുട്‌ബോള്‍ താരം മലപ്പുറം അരീക്കോട് സ്വദേശി അസീം (43) കൊയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. നിലവില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു.പ്രശസ്ത ഫുട്‌ബോളറും കോച്ചുമായ അനീസ് കൊറളിയാടന്റെ ഇരട്ട സഹോദരനാണ് അസീം.ദേശീയ തലത്തില്‍ അറിയപ്പെടുന്ന കാല്‍പ്പന്തുകളിക്കാരനാണ് അസീം കൊറളിയാടന്‍. എം ഇ എസ് മമ്പാട് കോളജ് ടീം അംഗമായിരുന്ന അസീം അണ്ടര്‍ 21 കേരള ടീമിന്റെ ഭാഗമായിരുന്നു. മറ്റു മൂന്ന് സംസ്ഥാനങ്ങള്‍ക്കു വേണ്ടിയും അസീം ജഴ്‌സിയണിഞ്ഞു. 2013ല്‍ തമിഴ്‌നാടിനും 2010ല്‍ മഹാരാഷ്ട്രയ്ക്കും വേണ്ടി സന്തോഷ് ട്രോഫി മത്സരത്തില്‍ കളിച്ച അസീം വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ജേഴസയണിഞ്ഞിട്ടുണ്ട്. ക്ലബ്ബ് ഫുട്‌ബോള്‍ മേഖലയിലും അസീമിന്റെ ഫുട്‌ബോള്‍ പ്രതിഭ കീര്‍ത്തിനേടി. 2005-06ല്‍ വാസ്‌കോ ഗോവയ്ക്കു വേണ്ടിയാണ് അസീം ആദ്യമായി ക്ലബ്ബ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. തുടര്‍ന്ന് 2006-07 സീസണിന്‍ സാല്‍ഗോക്കര്‍ ഗോവയുടെയും 2007-2009ല്‍ മുംബൈ എഫ്‌സിയുടെയും ഭാഗമായി. 2009-10 സീസണില്‍ മഹീന്ദ്ര യുണൈറ്റഡിന്റെ ഭാഗമായി കളിക്കളത്തിലിറങ്ങിയ അസീം 2010-11 സീസണില്‍ കളിക്കുപ്പായമണിഞ്ഞത് ഈസ്റ്റ് ബംഗാളിന് വേണ്ടിയായിരുന്നു.ഒമ്പത് സീസണുകളില്‍ ഐ ലീഗില്‍ കളിച്ച അസീം, ഫെഡറേഷന്‍ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐ എഫ് എ ഷീല്‍ഡ് തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകളില്‍ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു. അസീമിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന്‌ശേഷം കൊയമ്പത്തൂര്‍ കസ്റ്റംസില്‍ പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് അരീക്കോട്ടേക്ക് വ്യാഴായ്ച്ച വൈകുന്നേരം മൂന്നു മണിയോടെ എത്തിക്കും. പുത്തലത്തെ വീട്ടില്‍ പൊതു ദര്‍ശനത്തിന് ഖബറടക്കം നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







