കോഴിക്കോട്- കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം മണ്ണിടിഞ്ഞ് അപകടം. നല്ലിക്കോട് ഫ്ലാറ്റ് നിർമ്മാണത്തിനിടെയാണ് മണ്ണിടിഞ്ഞ് മൂന്ന് തൊഴിലാളികൾ അകപ്പെട്ടത്. നിലവിൽ രണ്ട് പേരെയാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്, മൂന്നാമത്തെ ആൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ വീണ്ടും മണ്ണിടിഞ്ഞതിനിടെ തുടർന്ന് സംഭവസ്ഥലത്തുനിന്ന് മറ്റുള്ളവരെ മാറ്റി. രാവിലെ 11:30 ഓടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മണ്ണിനടിയിൽ പെട്ടത്. ആദ്യം പുറത്തെടുത്ത ആളാണ് മണ്ണിനടിയിൽ രണ്ട് പേർ കൂടി കുടുങ്ങികിടക്കുന്നുണ്ടെന്ന വിവരം അറിയിച്ചത്. ഇയാൾക്ക് നിസ്സാരമായ പരിക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് സ്ഥലത്ത് നിർമ്മാണം നടത്തിയിരുന്നത് നാട്ടുകാർ പറയുന്നു. അശാസ്ത്രീയമായ നിർമ്മാണം തടയണം എന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് പ്രദേശ വാസികൾ നേരത്തെ പരാതി നൽകിയിരുന്നു.