മംഗളുരു: അഴീക്കൽ തുറമുഖത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച കപ്പലിലെ ജീവനക്കാരെ കരയിലെത്തിച്ചു. വാൻഹായ് 503 എന്ന ചരക്കുകപ്പലിലെ 22 പേരിൽ 18 പേരെയാണ് മംഗളുരുവിലേക്ക് എത്തിച്ചത്. നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരടക്കം ആറുപേരെ മംഗലാപുരം എംജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേരെ ഹോട്ടലിലേക്ക് മാറ്റി. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി വരികയാണെന്ന് എ.ജെ ആശുപത്രിയിലെ ഡോക്ടർ ദിനേഷ് കഥം പറഞ്ഞു. രണ്ടുപേർക്ക് 40 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്.
അപകടത്തെത്തുടർന്ന് 20 കണ്ടെയ്‌നറുകൾ കടലിൽ വീണിട്ടുണ്ടെന്നാണ് വിവരം. തീപിടിച്ചാൽ കത്തുന്ന ദ്രാവകങ്ങളുൾപ്പെടെയാണ് കപ്പലിൽ ഉള്ളത്. മലിനീകരണനിയന്ത്രണ ബോർഡിൻറെ േനതൃത്വത്തിൽ കണ്ണൂരിൽ കടൽവെള്ളം പരിശോധിച്ചു.
കപ്പലിൽ അമ്പതോളം കണ്ടെയ്‌നർ ഉണ്ടെന്ന് മന്ത്രി വി.എൻ.വാസവൻ പ്രതികരിച്ചു. കണ്ടെയ്‌നറുകൾക്കുള്ളിലെ വസ്തുക്കളെപ്പറ്റി വിവരം ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു. കപ്പലിൽ പൊട്ടിത്തെറി ഉണ്ടായെന്നും അതിനുശേഷം കണ്ടെയ്‌നറുകൾ കടലിൽ വീഴുകയായിരുന്നുവെന്നും ബേപ്പൂർ പോർട്ട് ഓഫിസർ ഹരി അച്യുത വാര്യർ പറഞ്ഞു.