ലിസ്ബൺ- പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ഫ്യൂണിക്കുലറായ (ട്രാം) എലവാഡോർ ഡ ഗ്ലോറിയ ട്രാം പാളം തെറ്റിയുണ്ടായ അപകടത്ത തുടർന്ന് 15 പേർ മരിച്ചു. 18 പേരെ പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അഞ്ച് പേരുടെ നില ഗുരുതരമാണ്.
തിരക്കേറിയ പ്രാസ ഡോസ് റസ്റ്റോറൻ്റുകൾക്ക് സമീപത്ത് ബുധനാഴ്ച വൈകുന്നേരം 6 മണിക്കായിരുന്നു അപകടം. കേബിൾ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ട്രാം അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയതായാണ് അപകടം കാരണം.
സംഭവത്തിൽ അനുശോചനം അറിയിച്ച പോർച്ചുഗൽ ആരോഗ്യ മന്ത്രാലയം മേധാവി ടിയാഗോ അഗസ്റ്റോ മരിച്ചവരിൽ പോർച്ചുഗീസ് പൗരന്മാരും വിദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി, ഇവർ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരിൽ കുട്ടികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ലിസ്ബണിൻ്റെ ചരിത്രകേന്ദ്രത്തിൽ നടന്ന ഈ ദുരന്തം വളരെ ഞെട്ടിപ്പിക്കുന്നതാണെന്ന്,’ സിവിൽ പ്രൊട്ടക്ഷൻ വക്താവ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
1885-ൽ നിർമ്മിച്ച കേബിൾ റെയിൽവേയായ എലവാഡോർ ഡ ഗ്ലോറിയ ലിസ്ബണിലെ ഏറ്റവും പ്രശസ്തമായ ഗതാഗത സംവിധാനങ്ങളിലൊന്നായിരുന്നു.