ലോസ് ഏഞ്ചൽസ്– ലോകകപ്പ് ആതിഥേയന്മാരായ കാനഡയും യു.എസ്.എ യും ആദ്യ മത്സരത്തിനായി ഇന്ന് കളത്തിൽ ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 12:30ന് കാനഡയിലെ ടോറന്റോ സ്റ്റേഡിയത്ത് വെച്ച് കാനഡ യൂറോപ്യൻ ടീമായ ബോസ്നിയ ഹെർസെഗോവിന നേരിടുമ്പോൾ യു.എസ്.എയുടെ എതിരാളി ലാറ്റിൻ അമേരിക്കൻ ശക്തരായ പരാഗ്വെയാണ്. യു.എസ്.എയുടെ മത്സരം നാളെ രാവിലെ ആറരക്ക് അമേരിക്കയിലെ ലോസ് ഏഞ്ചൽസ് സ്റ്റേഡിയാണ്. ഇരു രാജ്യങ്ങളിലെയും ഉദ്ഘാടനം മത്സരങ്ങൾക്ക് മുമ്പ് വിവിധ പരിപാടികൾ അരങ്ങേറും.
തുടർച്ചയായി രണ്ടാമത്തെ തവണയും ലോകകപ്പിൽ മൂന്നാമത്തെ തവണയും പന്ത് തട്ടുന്ന കാനഡയുടെ ലക്ഷ്യം ലോകകപ്പിലെ ആദ്യ വിജമാണ്. 1986 മെക്സിക്കൻ ലോകകപ്പിലും 2022 ഖത്തർ ലോകകപ്പിലുമായി ആറു മത്സരങ്ങൾ കളിച്ചില്ലെങ്കിലും എല്ലാത്തിലും പരാജയമായിരുന്നു ഫലം. ഇത്തവണ സ്വന്തം ആരാധകർക്ക് മുന്നിൽ ഇറങ്ങുന്ന കനേഡിയൻ ടീം വളരെ ശക്തരാണ്. ബയേൺ മ്യൂണിക് താരം ആൽഫോൺ ഡേവിസ്, സ്ട്രൈക്കർ ജോനാഥൻ ഡേവിഡ്, ടാജോൺ ട്രെവർ ബുക്കാനൻ അടക്കമുള്ള താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ.
മറുഭാഗത്ത് ബോസ്നിയ രണ്ടാം തവണയാണ് ലോകകപ്പിന് എത്തുന്നത്. ആദ്യമായി ലോകകപ്പിൽ പന്ത് തട്ടിയത് 2014 ബ്രസീൽ ലോകകപ്പിൽ ആണ്. അന്ന് ഗ്രൂപ്പിൽ ഒരു വിജയം നേടി മൂന്നാസ്ഥാനക്കാരായി മടങ്ങി. പ്ലേ ഓഫ് ഫൈനലിൽ നാലുതവണ ലോക ചാമ്പ്യന്മാരായ ഇറ്റലിയെ മറികടന്നാണ് ലോകകപ്പിന് എത്തുന്നത്. ഇതിഹാസതാരമായ 40കാരനായ എഡിൻ സെക്കോ തന്നെയാണ് ടീമിന്റെ വജ്രായുധം. നാൽപ്പതാം വയസ്സിലും ഗോളുകൾ അടിക്കുന്നതിൽ താരം മിടുക്കനാണ്. കൂടെ എർമെഡിൻ ഡെമിറോവിച്ച്, അമർ മെമിക്, എസ്മിർ ബജ്രക്തറെവിച്ച്, അമർ ഡെഡിക്ക്, നികൊള കാറ്റിക് എന്നിവരെല്ലാം ചേരുമ്പോൾ കാനഡ ഒന്ന് വിയർക്കും.
അർജന്റീനിയൻ പരിശീലകൻ മൗറീഷ്യോ റോബർട്ടോ പോച്ചെറ്റിനോയുടെ കീഴിൽ ഇറങ്ങുന്ന യു.എസ്.എയും ഇത്തവണ വളരെ ശക്തരാണ്. യൂറോപ്പിലെ മികച്ച ക്ലബ്ബുകളിൽ പന്ത് തട്ടുന്ന ക്രിസ്ത്യൻ പുലിസിച്ച്, ക്രിസ് റിച്ചാർഡ്സ്, ടൈലർ അഡാംസ് അലക്സ് ഫ്രീമാൻ, അന്തോണി റോബിൻസൺ, മാലിക് ടിൽമാൻ, വെസ്റ്റൺ മക്കെന്നി തുടങ്ങിയ താരങ്ങളെല്ലാം ചേരുമ്പോൾ എതിരാളികൾ ഭയക്കും. കൂടെ സ്വന്തം ആരാധകർക്ക് മുന്നിൽ പങ്കെടുത്തുന്നത് ഇവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.
യു.എസ്.എക്ക് എതിരെ ഒരുങ്ങുന്ന പരാഗ്വെയും മോശക്കാരല്ല. ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ആറാം സ്ഥാനക്കാരായി ലോകകപ്പിന് എത്തുന്ന ഇവരുടെ പ്രതിരോധം വളരെ ശക്തമാണ്. യോഗ്യത റൗണ്ടിൽ 18 മത്സരങ്ങളിൽ ആകെ വഴങ്ങിയത് പത്തു ഗോളുകൾ മാത്രമാണ്.ഒമർ ഫെഡറിക്കോ ആൽഡെറെറ്റ്, ജോസ് കാസെറസ്, ജൂനിയർ അലൻസോ, ഗുസ്താവോ ഗോമസ് എന്നിവർ അടങ്ങുന്ന പ്രതിരോധനിരയാണ് ടീമിന്റെ വിശ്വസ്തർ. കൂടെ യുഎഇ ക്ലബ്ബ് അൽ ഐനിന് വേണ്ടി കളിക്കുന്ന അലജാൻഡ്രോ റോമേറോ, ഇംഗ്ലീഷ് ക്ലബ്ബ് ബ്രൈട്ടനിന് ബൂട്ട് കെട്ടുന്ന ഡിയാഗോ ഗോമസ് സ്ട്രൈക്കർ മിഗുവേൽ ആർമിറോൺ എന്നിവരും ചേരുമ്പോൾ ടീമിന് പ്രതീക്ഷകൾ ഏറെയാണ്.



