ജിദ്ദ – സഹകരണവും ഉഭയകക്ഷി വ്യാപാരവും വികസിപ്പിക്കാനായി സൗദി അറേബ്യയും റഷ്യയും ഭക്ഷ്യസുരക്ഷ അടക്കം വിവിധ മേഖലകളില്‍ 480 കോടി റിയാല്‍ നിക്ഷേപ മൂല്യമുള്ള 13 തന്ത്രപരമായ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സുപ്രധാന, ഭക്ഷ്യ മേഖലകളില്‍ വൈദഗ്ധ്യം നേടിയ പ്രധാന റഷ്യന്‍ കമ്പനികളെ ആകര്‍ഷിച്ചു. വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കാനും നൂതന ബയോടെക്‌നോളജി പ്രാദേശികവല്‍ക്കരിക്കാനും വിതരണ ശൃംഖലകളുടെ സുസ്ഥിരത ഉറപ്പാക്കാനുമുള്ള രാജ്യത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളും പ്രധാന ബിസിനസ്സ് കമ്പനികളും ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്തു.
സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ വിശിഷ്ടാതിഥിയായി സൗദി അറേബ്യ പങ്കെടുത്ത് ഇരു രാജ്യങ്ങളും തമ്മില്‍ ഏതാനും സുപ്രധാന മേഖലകളില്‍ കരാറുകളും ധാരണാപത്രങ്ങളും വെച്ചതായി സൗദി കൃഷി ഉപമന്ത്രി എന്‍ജിനീയര്‍ മന്‍സൂര്‍ അല്‍മുശൈത്തി പറഞ്ഞു. മൃഗങ്ങളുടെ ആരോഗ്യവും ജൈവ സുരക്ഷയും വര്‍ധിപ്പിക്കാനായി വെറ്ററിനറി വാക്‌സിന്‍ നിര്‍മ്മാണവും പ്രാദേശികവല്‍ക്കരണവും ഇതില്‍ ഉള്‍പ്പെടുന്നു. സ്വയംപര്യാപ്തതയും പ്രാദേശിക ഉല്‍പാദനത്തിന്റെ സുസ്ഥിരതയും ഉറപ്പാക്കുന്നതിന് ബ്രോയിലര്‍ ഇനങ്ങളുടെ വികസനം, കന്നുകാലി മേഖലയുടെ സ്ഥിരതയും വളര്‍ച്ചയും ഉറപ്പാക്കുന്നതിന് കാലിത്തീറ്റ ചേരുവകളും വിതരണ ശൃംഖലകളും സുരക്ഷിതമാക്കുന്നതും കരാറിലുണ്ട്. സൗദിയില്‍ നിന്നുള്ള ചെമ്മീന്‍, മത്സ്യ കയറ്റുമതിക്ക് മത്സ്യ ഇറക്കുമതി, ആഗോള വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ കമ്പനികളുമായും കരാറുകളും ഒപ്പുവെച്ചു.
ഒട്ടകപ്പാലും ഉപോല്‍പന്നങ്ങളും റഷ്യന്‍, അന്താരാഷ്ട്ര വിപണികളില്‍ വിപണനം ചെയ്യാനും കയറ്റുമതി ചെയ്യാനുമുള്ള കരാറുകള്‍, സൗദി കാപ്പി ഉല്‍പന്നങ്ങളുടെ പ്രോത്സാഹനത്തിനും കയറ്റുമതിക്കുമുള്ള കരാര്‍, ശീതളപാനീയ മേഖലയില്‍ സഹകരണത്തിനും വിനിമയത്തിനുമുള്ള കരാര്‍ എന്നിവയും ഫോറത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ സൗദി അറേബ്യയുടെ പങ്കാളിത്തം രാജ്യത്തിനും റഷ്യക്കും ഇടയിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതായും പരിസ്ഥിതി, ജലം, കൃഷി എന്നീ മേഖലകളില്‍ അനുഭവങ്ങള്‍ കൈമാറാനും ലഭ്യമായ നിക്ഷേപ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനുള്ള അവസരമാണെന്നും എന്‍ജിനീയര്‍ മന്‍സൂര്‍ അല്‍മുശൈത്തി വ്യക്തമാക്കി.



