റോം – ഗാസയിലേക്ക് സഹായ വസ്തുക്കളുമായി പോവുകയായിരുന്ന ബോട്ടുകള്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്ത ഇറ്റാലിയന്‍ പൗരന്മാരോട് ക്രൂരമായി പെരുമാറിയ തീവ്ര വലതുപക്ഷ ഇസ്രായില്‍ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിനെതിരെ ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ബെന്‍-ഗ്വിര്‍ പോസ്റ്റ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ട് റോമിലെ പ്രോസിക്യൂട്ടര്‍മാര്‍ അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ അസ്‌ന റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റുകളോടുള്ള ഇസ്രായിലിന്റെ പെരുമാറ്റത്തെ കുറിച്ച് ഔപചാരിക അന്വേഷണം ആരംഭിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമായി ഇറ്റലി മാറി. പ്രവര്‍ത്തകര്‍ക്കെതിരായ യുദ്ധക്കുറ്റങ്ങളും പീഡനങ്ങളും ആരോപിച്ച് ഫ്രാന്‍സ് വെള്ളിയാഴ്ച അന്വേഷണം ആരംഭിച്ചിരുന്നു.
ആരോപണങ്ങള്‍ക്ക് മറുപടിയായി, ഇറ്റലി വഞ്ചകരുടെ നാടായി മാറിയിരിക്കുന്നുവെന്ന് ബെന്‍-ഗ്വിര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി. ഞാന്‍ ഒരു അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയില്ല, ഞങ്ങളുടെ പോരാളികള്‍ക്കൊപ്പം അഭിമാനത്തോടെ നിലകൊള്ളുമെന്ന് ബെന്‍-ഗ്വിര്‍ പ്രസ്താവനയില്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റം ചുമത്താന്‍ മതിയായ തെളിവുകള്‍ ഉണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ഇറ്റാലിയന്‍, ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ ആരോപണങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങളെ പീഡിപ്പിച്ചുവെന്ന ആക്ടിവിസ്റ്റുകളുടെ ആരോപണങ്ങള്‍ ഇസ്രായിലി ജയില്‍ സര്‍വീസ് നിഷേധിച്ചു.
ആക്ടിവിസ്റ്റുകളോടുള്ള ഇസ്രായിലിന്റെ സമീപനത്തില്‍ വര്‍ധിച്ചുവരുന്ന രോഷവും അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ അക്രമം വര്‍ധിച്ചതും കണക്കിലെടുത്ത് ബെന്‍-ഗ്വിറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ അക്രമം നടത്താന്‍ തീവ്ര വലതുപക്ഷ മന്ത്രി ആവേശത്തോടെ ജൂതകുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്.
ഗാസക്കെതിരായ ഇസ്രായിലിന്റെ ഉപരോധം തകര്‍ക്കാന്‍ ശ്രമിച്ച ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ലയെ കഴിഞ്ഞ മാസം സൈപ്രസ് തീരത്ത് അന്താരാഷ്ട്ര ജലാശയത്തില്‍ തടഞ്ഞുനിര്‍ത്തി 40 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 400 ലേറെ ആക്ടിവിസ്റ്റുകളെ ഇസ്രായില്‍ കസ്റ്റഡിയിലെടുത്തു. ഫ്‌ലോട്ടില്ലയിലെ റെയ്ഡിനു പിന്നാലെ എടുത്ത ദൃശ്യങ്ങളില്‍, കൈകള്‍ പിന്നില്‍ കെട്ടി മുട്ടുകുത്തി നില്‍ക്കുന്ന തടവുകാരെ ബെന്‍-ഗ്വിര്‍ പരിഹസിച്ചിരുന്നു. ഈ അനുഭവത്തെ അങ്ങേയറ്റം അക്രമാസക്തം, അപമാനം, മനുഷ്യത്വരഹിതം എന്നിങ്ങനെ ഫ്രഞ്ച് ആക്ടിവിസ്റ്റുകള്‍ വിശേഷിപ്പിച്ചത്.
ആക്ടിവിസ്റ്റുകളോടുള്ള ബെന്‍-ഗ്വിറിന്റെ പെരുമാറ്റത്തില്‍ ഉപരോധം ഏര്‍പ്പെടുത്തണമോ എന്ന് യൂറോപ്യന്‍ യൂണിയന്‍ അടുത്ത തിങ്കളാഴ്ച തീരുമാനിക്കുമെന്നാണ് പ്രതീക്ഷ. ഇസ്രായില്‍ മന്ത്രിയുടെ പെരുമാറ്റം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്ന് വിശേഷിപ്പിച്ച ഫ്രാന്‍സ് ഇതിനകം തന്നെ ബെന്‍-ഗ്വിര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.



