തെഹ്‌റാന്‍ – ലെബനോനിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ തുടര്‍ന്നാല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ഇസ്രായിലിനെ നേരിടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് ഭീഷണി മുഴക്കി. ലെബനോന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബിഹ് ബെരിയുമായി താന്‍ ഫോണില്‍ സംസാരിച്ചു. ഹിസ്ബുല്ലയോടും ലെബനീസ് സഖ്യകക്ഷികളോടും താന്‍ ഐക്യദാര്‍ഢ്യം വ്യക്തമാക്കി. ലെബനോനില്‍ സയണിസ്റ്റ് ഭരണകൂടം കുറ്റകൃത്യങ്ങള്‍ തുടരുകയാണെങ്കില്‍, ഞങ്ങള്‍ ചര്‍ച്ചകള്‍ നിര്‍ത്തുക മാത്രമല്ല, അവര്‍ക്കെതിരെ നിലകൊള്ളുകയും ചെയ്യുമെന്ന് ഖാലിബാഫ് എക്സില്‍ പോസ്റ്റ് ചെയ്തു. പ്രതിരോധം നീണാള്‍ വാഴട്ടെ! മാതൃരാജ്യത്തിന്റെ പ്രതിരോധം നീണാള്‍ വാഴട്ടെ! ഇറാന്‍, ലെബനീസ് രാഷ്ട്രങ്ങളുടെ സാഹോദര്യം നീണാള്‍ വാഴട്ടെ! – ഖാലിബാഫ് എക്‌സില്‍ എഴുതി.
ഒരു രാജ്യത്തിനുള്ളിലെ രാഷ്ട്രമായി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ശക്തമായ മിലിഷ്യയായ ഹിസ്ബുല്ലക്ക് ഇറാന്‍ ദീര്‍ഘകാലമായി പിന്തുണ നല്‍കുന്നു. യു.എ.ഇ, ജി.സി.സി, യു.എസ്, യു.കെ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഭീകരവാദ സംഘടനയായി പട്ടികപ്പെടുത്തിയിരിക്കുന്ന ഹിസ്ബുല്ലക്ക് ഇറാൻ പിന്തുണ നൽകുന്നുണ്ട്. അമേരിക്കയുമായി സന്ദേശങ്ങള്‍ കൈമാറുന്നതിലും വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലും പ്രധാന പങ്ക് വഹിക്കുന്ന തീവ്രനിലപാടുകാരനും മുന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറുമായ ഖാലിബാഫ് നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സഖ്യകക്ഷികള്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കാനുള്ള ഇറാന്റെ സന്നദ്ധതക്കാണ് അടിവരയിടുന്നത്.



