മിന – ഇരുഹറമുകളെയും പരിപാലിക്കാനും തീര്‍ഥാടകരെ സേവിക്കാനുമുള്ള കടമ ഏറ്റവും ഭംഗിയായ നിലക്ക് നിറവേറ്റുന്നത് സൗദി അറേബ്യ തുടരുമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് ഈ വര്‍ഷം ഹജ് തീര്‍ഥാടനം നടത്തുന്ന നേതാക്കള്‍, പ്രമുഖ ഇസ്ലാമിക വ്യക്തിത്വങ്ങള്‍, സല്‍മാന്‍ രാജാവിന്റെ അതിഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദേശ പ്രതിനിധി സംഘത്തലവന്മാര്‍, ഹജ് മിഷന്‍ പ്രതിനിധികള്‍ എന്നിവരെ മിനാ കൊട്ടാരത്തില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു കിരീടാവകാശി. ഇരുഹറമുകളെയും പുണ്യസ്ഥലങ്ങളെയും പരിപാലിക്കാനും തീര്‍ഥാടകരെ സേവിക്കാനുമുള്ള ഉത്തരവാദിത്തം നല്‍കി സര്‍വശക്തനായ അല്ലാഹു സൗദി അറേബ്യയെ ആദരിച്ചു. ഈ മഹത്തായ കടമ നിറവേറ്റുന്നതില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണകാലം മുതല്‍ രാജ്യത്തെ രാജാക്കന്മാര്‍ നടത്തിയ ശ്രമങ്ങള്‍ സൗദി അറേബ്യ തുടരും. ഈദുല്‍അദ്ഹയില്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നതിലും നിങ്ങളെയും എല്ലാ മുസ്ലിംകളെയും പെരുന്നാള്‍ ആശംസകള്‍ അറിയിക്കുന്നതിലും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. മുസ്‌ലിം സമുദായത്തിന് നന്മയുടെയും സമാധാനത്തിന്റെയും ഈദ് ആയി മാറട്ടെയെന്ന് ദൈവത്തോട് അപേക്ഷിക്കുന്നു. തീര്‍ഥാടകരുടെ ഹജും സല്‍കര്‍മ്മങ്ങളും സ്വീകരിക്കാനും അവരെ സുരക്ഷിതമായി മാതൃരാജ്യങ്ങളിലേക്ക് തിരികെ എത്തിക്കാനും നമ്മുടെ രാജ്യങ്ങളെ സംരക്ഷിക്കാനും സുരക്ഷയും സമൃദ്ധിയും നിലനിര്‍ത്താനും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതായും കിരീടാവകാശി പറഞ്ഞു.
സുപ്രീം ഹജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും 60 ലധികം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ഹജ് പ്രോജക്ട്‌സ് മാനേജ്‌മെന്റ് ഓഫീസ് നിരീക്ഷണത്തിലും ഹജ് സേവന മേഖലയിലെ വ്യത്യസ്ത വകുപ്പുകള്‍ പ്രകടനം ഏകീകരിക്കുകയും ശ്രമങ്ങള്‍ സംയോജിപ്പിക്കുകയും ചെയ്തതായി ചടങ്ങില്‍ സംസാരിച്ച സൗദി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷിതമായ അന്തരീക്ഷത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം എളുപ്പമാക്കാനും സംഘാടന കാര്യക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പെര്‍മിറ്റ് ഇല്ലാതെ ഹജ് പാടില്ല എന്ന കാമ്പയിന്‍ സൗദി അറേബ്യ ആരംഭിച്ചത്.
ഹജ് സീസണില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും 80 ലക്ഷത്തിലേറെ ക്യുബിക് മീറ്റര്‍ വെള്ളം വിതരണം ചെയ്തു. ഹാജിമാരെ പുണ്യഭൂമിയിലെത്തിക്കാന്‍ ലോകമെമ്പാടുമുള്ള 366 നഗരങ്ങളില്‍ നിന്ന് 1,73,000 ലധികം വിമാന സര്‍വീസുകള്‍ നടത്തി. ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ 5,300 ലേറെ സര്‍വീസുകളും മശാഇര്‍ മെട്രോയില്‍ 2,000 ലേറെ സര്‍വീസുകളും നടത്തിയിരുന്നു. ഹാജിമാരുടെ യാത്രക്ക് 24,000 ത്തിലധികം ബസുകളും ഉപയോഗിച്ചു. ഹാജിമാര്‍ക്ക് ആരോഗ്യ പരിചരണങ്ങള്‍ നല്‍കാന്‍ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളില്‍ 3,800 കിടക്കകള്‍ ഉള്‍പ്പെടെ മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ആശുപത്രികളിലെ കിടക്ക ശേഷി 20,000 കവിഞ്ഞു. ഇവിടങ്ങളില്‍ 52,000 ലേറെ ആരോഗ്യ മേഖലാ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നു.
ഇത്തവണത്തെ ഹജിന് മുന്നോടിയായി മക്ക റോയല്‍ കമ്മീഷന്‍ പുണ്യസ്ഥലങ്ങളില്‍ 25 ലധികം വികസന പദ്ധതികള്‍ നടപ്പിലാക്കി. നുസുക് ആപ്പ് വികസിപ്പിച്ച് സേവനങ്ങളുടെ എണ്ണം 130 ലേറെയായി ഉയര്‍ത്തി. ഇത് തീര്‍ഥാടകരുടെ സ്വന്തം നാട്ടില്‍ നിന്നുള്ള യാത്ര സുഗമമാക്കി. കരാറുകള്‍ സുഗമമാക്കുക, വിസകള്‍ ഇഷ്യു ചെയ്യുക, നിരീക്ഷണ സംവിധാനങ്ങള്‍, ഡാറ്റ വിശകലനം, കൃത്രിമബുദ്ധി എന്നിവ ഉപയോഗിക്കുക എന്നിവയിലൂടെ തീര്‍ഥാടക സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഇ-ട്രാക്ക് സംവിധാനം സഹായിച്ചതായും ഹജ്, ഉംറ മന്ത്രി പറഞ്ഞു.



