മിന – ഇത്തവണത്തെ ഹജ് സീസണില്‍ ഇതുവരെ ഭക്ഷ്യവിഷബാധ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് നഗരസഭാ, ഭവന മന്ത്രാലയം വ്യക്തമാക്കി. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാനായി മക്കയിലും പുണ്യസ്ഥലങ്ങളിലും മക്ക നഗരസഭ തീവ്രമായ നിരീക്ഷണ, ആരോഗ്യ സംവിധാനം നടപ്പാക്കുന്നു. ഹജ് സീസണില്‍ ഭക്ഷ്യസുരക്ഷാ നിലവാരം ഉയര്‍ത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായി കാറ്ററിംഗ് സ്ഥാപനങ്ങളുടെ കിച്ചണുകള്‍, ഭക്ഷ്യ സ്ഥാപനങ്ങള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, സംഭരണ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ 29,000 ലേറെ പരിശോധനകള്‍ നടത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും അംഗീകൃത ആരോഗ്യ, സാങ്കേതിക ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി സ്ഥിരലബോറട്ടറികളും ഫീല്‍ഡ് ലബോറട്ടറികളും വഴി 5,000 ലേറെ ഭക്ഷണ സാമ്പിളുകള്‍ പരിശോധിച്ചു.
അഞ്ച് മൊബൈല്‍ ലബോറട്ടറികള്‍, 10 ഓണ്‍-സൈറ്റ് ടെസ്റ്റിംഗ് ഉപകരണങ്ങള്‍, 40 പരിശോധനാ വാഹനങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തി ഭക്ഷ്യ നിരീക്ഷണ മേഖലാ ഉദ്യോഗസ്ഥര്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നു. ഇത് ഭക്ഷ്യസുരക്ഷയുടെ ദ്രുത പരിശോധനക്കും തീര്‍ഥാടകരുടെ തിരക്ക് കൂടുതലുള്ള പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ ഉടനടി കൈകാര്യം ചെയ്യാനും സഹായിക്കും. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ശുചീകരണം, പരിസ്ഥിതി ശുചിത്വം, ആരോഗ്യ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ തുടര്‍ച്ച ഉറപ്പാക്കാനുമായി, ഫീല്‍ഡ് ടീമുകളുടെയും മുനിസിപ്പല്‍ സേവന കേന്ദ്രങ്ങളുടെയും സന്നദ്ധത വര്‍ധിപ്പിച്ചുകൊണ്ട് നഗരസഭാ, ഭവന മന്ത്രാലയം മിനായിയില്‍ തശ്രീഖ് ദിനങ്ങളില്‍ പ്രവര്‍ത്തന, മേല്‍നോട്ട പദ്ധതികള്‍ നടപ്പാക്കുന്നത് തുടരുകയാണ്.



