ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി നിലനിന്നിരുന്ന നേതൃതർക്കങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദം രാജി വെച്ചു. വ്യാഴാഴ്ച അദ്ദേഹം തന്റെ രാജി ഗവർണർക്ക് സമർപ്പിച്ചു. തനിക്ക് ശേഷം ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുമെന്നും സിദ്ധരാമയ്യ സ്ഥിരീകരിച്ചു.
അതീവ വൈകാരികമായ രംഗങ്ങൾക്കാണ് ബെംഗളൂരു സാക്ഷ്യം വഹിച്ചത്. സിദ്ധരാമയ്യയെ കാണാനെത്തിയ അനുയായികൾ പൊട്ടിക്കരയുകയും അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് വണങ്ങുകയും ചെയ്തു.
“അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശിച്ചത്… ഞാൻ അത് അംഗീകരിച്ചു,” രാവിലെ തന്റെ ബെംഗളൂരുവിലെ വസതിയിൽ നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുതിർന്ന മന്ത്രിമാരും പങ്കെടുത്ത പ്രഭാതഭക്ഷണ കൂടിക്കാഴ്ചയിൽ സിദ്ധരാമയ്യ പറഞ്ഞു.
പ്രതിപക്ഷമായ ഭാരതീയ ജനതാ പാർട്ടിയിൽനിന്നുള്ള വിമർശനങ്ങൾ പ്രതിരോധിക്കുന്നതിനായി, തങ്ങൾ ഒന്നാണെന്ന് വ്യക്തമാക്കുന്ന ‘ടുഗെദർ വി ആർ യുണൈറ്റഡ്’എന്ന പോസ്റ്റ് കോൺഗ്രസ് സംസ്ഥാന ഘടകം ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു. ഇരുനേതാക്കളും പരസ്പരം കെട്ടിപ്പിടിക്കുന്നതിന്റെയും ഒന്നിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങൾക്കൊപ്പം, “അന്നും ഇന്നും എന്നും… ഐക്യമാണ് നമ്മുടെ കരുത്ത്! ജനസേവനമാണ് നമ്മുടെ ശാശ്വത പ്രതിബദ്ധത” എന്ന സന്ദേശവും അവർ പങ്കുവെച്ചു.
സിദ്ധരാമയ്യയുടെ രാജി വാർത്ത പുറത്തുവന്നതോടെ ഡി.കെ. ശിവകുമാറിന്റെ അനുയായികൾ ആഹ്ലാദ പ്രകടനങ്ങളുമായി രംഗത്തെത്തി. അദ്ദേഹത്തിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ മധുരം വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്.
ഇഡ്ഡലിയും ദോശയും ഒപ്പം മുഖ്യമന്ത്രി മാറ്റവും
കോൺഗ്രസ് ഹൈക്കമാൻഡുമായി oൽഹിയിൽ കഴിഞ്ഞ 48 മണിക്കൂറായി നടത്തിയ അതീവ രഹസ്യമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിലാണ് ഈ തീരുമാനം ഉണ്ടായത്. മുഖ്യമന്ത്രി പദം ഒഴിയുന്നതിന് പകരമായി രാജ്യസഭാ സീറ്റ് ഉൾപ്പെടെയുള്ള പാക്കേജാണ് സിദ്ധരാമയ്യയ്ക്ക് മുന്നിൽ ഹൈക്കമാൻഡ് വെച്ചത്.
തിങ്കൾ, ചൊവ്വാ ദിവസങ്ങളിലായി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി ഒറ്റയ്ക്കൊറ്റക്കും സംയുക്തമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വർഷം കർണാടകയിൽ നിന്ന് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാണ് ചർച്ചയെന്നാണ് ഔദ്യോഗികമായി അറിയിച്ചിരുന്നതെങ്കിലും യഥാർത്ഥ വിഷയം മറ്റൊന്നാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. നേതൃമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ പാർട്ടി നിഷേധിച്ചെങ്കിലും, തീരുമാനം എടുത്തു കഴിഞ്ഞതായും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നേതൃമാറ്റത്തിനായി പ്രിയങ്ക ഗാന്ധിയാണ് ശക്തമായി വാദിച്ചതെന്നാണ് സൂചന.
ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യ ഡി.കെ. ശിവകുമാറിനെയും മുതിർന്ന മന്ത്രിമാരെയും പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചത്. മസാല ദോശ, ഇഡ്ഡലി, സാമ്പാർ, ചട്ണി, കേസരിബാത്ത് തുടങ്ങിയ കർണാടക വിഭവങ്ങൾ നിറഞ്ഞ പ്രഭാതഭക്ഷണ യോഗം തുടങ്ങിയത് ഇരുനേതാക്കളുടെയും ആലിംഗനത്തോടെയായിരുന്നു.
സിദ്ധരാമയ്യ – ഡി.കെ.എസ് തർക്കം
2024 ഉടനീളം പുകഞ്ഞുകൊണ്ടിരുന്ന തർക്കങ്ങൾ 2025 നവംബറോടെയാണ് വീണ്ടും രൂക്ഷമായത്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉണ്ടാക്കിയതായി പറയപ്പെടുന്ന അധികാരവിഭജന കരാർ നടപ്പിലാക്കാൻ ഡി.കെ. ശിവകുമാറിന്റെ അനുയായികൾ പാർട്ടിക്കുമേൽ സമ്മർദ്ദം ചെലുത്തി. ആദ്യത്തെ 2.5 വർഷം സിദ്ധരാമയ്യയും ബാക്കി കാലാവധി ശിവകുമാറും മുഖ്യമന്ത്രിയാകും എന്നതായിരുന്നു കരാർ (എന്നാൽ പാർട്ടിയോ നേതാക്കളോ ഈ കരാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല).
എന്നാൽ ഈ കരാർ നടപ്പിലാക്കുക അത്ര എളുപ്പമായിരുന്നില്ല; മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സിദ്ധരാമയ്യ വിസമ്മതിച്ചു. 2028-ലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം തിരിച്ചടിയായേക്കുമെന്ന ഭയത്തെത്തുടർന്ന് ഒടുവിൽ ഹൈക്കമാൻഡ് നിലപാടിന് വഴങ്ങാൻ സിദ്ധരാമയ്യ തയ്യാറാവുകയായിരുന്നു. ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ സ്വീകരിക്കുമോ എന്നത് വ്യക്തമല്ല. വരുണ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയി തുടരാനും 2028-ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കാനുമാണ് അദ്ദേഹം താല്പര്യപ്പെടുന്നത് എന്നാണ് സൂചന.
മൂന്ന് വർഷം മുമ്പ് തന്നെ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് പലരും കരുതിയിരുന്ന ഡി.കെ. ശിവകുമാറിന് വേണ്ടി സിദ്ധരാമയ്യ വഴിമാറുകയാണ്. ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദൾ സെക്കുലറിൽ നിന്നും വൊക്കലിഗ സമുദായത്തിന്റെ വോട്ടുകൾ കോൺഗ്രസിലേക്ക് എത്തിക്കുന്നതിൽ ഡി.കെ.എസ് നിർണ്ണായക പങ്ക് വഹിച്ചിരുന്നു.
ഈ രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ, കോൺഗ്രസിന്റെ നിയന്ത്രണത്തിലല്ലാത്ത മറ്റൊരു വിഷയം കൂടി പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് കുടുംബാംഗത്തിന്റെ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മുംബൈയിലേക്ക് പോയി.
ശനിയാഴ്ച ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. എന്നാൽ ചടങ്ങ് നടക്കണമെങ്കിൽ ഗവർണർ മടങ്ങിയെത്തുകയോ അല്ലെങ്കിൽ ചടങ്ങ് നീട്ടിവെക്കുകയോ ചെയ്യേണ്ടിവരും. ഇത് ശിവകുമാറിനെ അനുകൂലിക്കുന്ന ക്യാമ്പിൽ നേരിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.



