ബംഗളൂരു- കർണാടക രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി വെക്കുമെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റ് മന്ത്രിസഭാ അംഗങ്ങളുമായി നടത്തിയ പ്രഭാതഭക്ഷണ കൂടിക്കാഴ്ചയിലാണ് സിദ്ധരാമയ്യ നിർണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാന കോൺഗ്രസ് സർക്കാരിനെ ഉലച്ചുകൊണ്ടിരുന്ന സിദ്ധരാമയ്യ-ഡി.കെ. ശിവകുമാർ തർക്കങ്ങൾക്കാണ് വിരാമമാകുന്നത്.
കഴിഞ്ഞ 48 മണിക്കൂറായി ഡൽഹിയിൽ നടന്ന അതീവ രഹസ്യമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിലാണ് രാജി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സിദ്ധരാമയ്യയെ അനുനയിപ്പിക്കുന്നതിനായി ഹൈക്കമാൻഡ് വൻ ഓഫറുകളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും, അദ്ദേഹത്തിന്റെ മകൻ യതീന്ദ്രയ്ക്ക് മന്ത്രിസഭയിൽ പദവിയും വാഗ്ദാനം ചെയ്തതായാണ് വിവരം.
ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പരസ്പരം കെട്ടിപ്പിടിക്കുകയും, ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ പാദസ്പർശം നടത്തി അനുഗ്രഹം വാങ്ങുകയും ചെയ്തു. സിദ്ധരാമയ്യ ഒഴിഞ്ഞാൽ ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത്.



