റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന് റിയാദ് ജയിലില്‍ നിന്ന് മോചനത്തിനുള്ള ഉത്തരവായി. സൗദി വിടാനുള്ള ഫൈനല്‍ എക്‌സിറ്റ് രേഖയും ലഭ്യമായി. ഇനി നാട്ടിലേക്കുള്ള അവസാന നടപടിക്രമങ്ങള്‍ മാത്രം ബാക്കി. കൊല്ലപ്പെട്ട സൗദി ബാലന്‍ അനസ് അല്‍ശഹ്‌റിയുടെ കുടുംബത്തിനുള്ള ദിയാധനം നേരത്തെ റിയാദ് ക്രമിനല്‍ കോടതി വഴി ഇന്ത്യന്‍ എംബസി കൈമാറിയിരുന്നു. 20 വര്‍ഷത്തെ ജയില്‍വാസമെന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്. ഇന്ന് ജയിലില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചു. ഇനി ടിക്കറ്റ് ലഭ്യമാകുന്ന മുറക്ക് ജയിലില്‍ നിന്ന് നേരെ വിമാനത്താവളത്തിലേക്ക് കൊണ്ടുവരും. അവിടെ നിന്ന് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കാം.
ടിക്കറ്റ് ജയിലില്‍ നിന്ന് തന്നെ സൗജന്യമായി ലഭിക്കാറുണ്ട്. അങ്ങനെയെങ്കില്‍ റഹീമിനെയും കൂട്ടി ജയില്‍ അധികൃതര്‍ റിയാദ് വിമാനത്താവളത്തിലെത്തും. പിന്നെ ടിക്കറ്റിനനുസരിച്ചുള്ള ഇന്ത്യയിലെ വിമാനത്താവളത്തിലെത്തിക്കും. റഹീമിന്റെ ഭാഗത്ത് നിന്ന് ടിക്കറ്റ് നല്‍കാന്‍ അവസരമുണ്ടെങ്കില്‍ ആ ടിക്കറ്റിലെ ഇന്ത്യന്‍ വിമാനത്താവളത്തിലേക്കായിരിക്കും യാത്ര തുടരുക. ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റഹീം നിയമസഹായസമിതിയും കേസില്‍ ഇടപെടുന്ന സിദ്ദീഖ് തുവ്വൂരും അറിയിച്ചു.



