മക്ക – വിഷന്‍ 2030 ന്റെ ഭാഗമായ പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ സംരംഭങ്ങളിലൊന്നായ മക്ക റൂട്ട് പദ്ധതി ഇത്തവണ പത്തു രാജ്യങ്ങളില്‍ നിന്നുള്ള 3,88,000 ലേറെ ഹാജിമാര്‍ക്ക് പ്രയോജനപ്പെട്ടു. സൗദി അറേബ്യയിലേക്കുള്ള മുഴുവന്‍ പ്രവേശന നടപടിക്രമങ്ങളും സ്വദേശങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ വെച്ച് സൗദി ജവാസാത്ത് ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി ഇത്തവണ മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, കോട്ട് ഡി ഐവറി, മാലിദ്വീപ്, സെനഗല്‍, ബ്രൂണൈ ദാറുസ്സലാം എന്നീ പത്തു രാജ്യങ്ങളിലെ 17 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് നടപ്പാക്കിയത്. ഈ സംരംഭത്തിന്റെ എല്ലാ ഗുണഭോക്താക്കളും പരിശുദ്ധ ഹജ് കര്‍മ്മം നിര്‍വഹിക്കാന്‍ രാജ്യത്ത് എത്തിയിട്ടുണ്ട്.
പങ്കാളി വകുപ്പുകളുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ ഈ സംരംഭം 388,694 തീര്‍ഥാടകര്‍ക്ക് സേവനം നല്‍കി. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും 1,227 വിമാന സര്‍വീസുകളിലാണ് ഇത്രയും തീര്‍ഥാടകരെ രാജ്യത്തെത്തിച്ചത്. മക്ക റൂട്ട് ഇനിഷ്യേറ്റീവ് 38 സര്‍വീസ് സ്റ്റേഷനുകള്‍, 60 മൊബൈല്‍ സര്‍വീസ് യൂണിറ്റുകള്‍, 120 എ.ഐ അധിഷ്ഠിത മൊബൈല്‍ കൗണ്ടറുകള്‍ എന്നിവയിലൂടെ സേവനങ്ങള്‍ നല്‍കി. ഓരോ തീര്‍ഥാടകന്റെയും പ്രവേശന നടപടിക്രമങ്ങള്‍ 40 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഇത് പ്രാപ്തമാക്കി.
ഇലക്ട്രോണിക് വിസകള്‍ നല്‍കുക, ബയോമെട്രിക് ഡാറ്റ ശേഖരിക്കുക, ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച ശേഷം ഡിപ്പാര്‍ച്ചര്‍ വിമാനത്താവളത്തില്‍ വെച്ച് ജവാസാത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക എന്നിവയിലൂടെ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ സ്വന്തം രാജ്യങ്ങളില്‍ നിന്ന് എളുപ്പത്തിലും സുഗമമായും പൂര്‍ത്തിയാക്കുകയെന്ന് ഈ സംരംഭം ലക്ഷ്യമിടുന്നു. സൗദിയിലെ ഗതാഗത, താമസ ക്രമീകരണങ്ങള്‍ക്കനുസരിച്ച് ലഗേജ് ടാഗ് ചെയ്യുന്നതും തരംതിരിക്കുകയും ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളില്‍ എത്തിച്ചേര്‍ന്നാലുടന്‍ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനോ ലഗേജുകള്‍ സ്വീകരിക്കാനോ കാത്തുനില്‍ക്കാതെ തീര്‍ഥാടകരെ ബസുകളില്‍ മക്കയിലെയും മദീനയിലെയും അവരുടെ താമസ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. ബന്ധപ്പെട്ട വകുപ്പുകള്‍ ലഗേജുകള്‍ അവരുടെ താമസ സ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ച് നല്‍കും.
വിദേശ്യ, ആരോഗ്യ, ഹജ്-ഉംറ, മീഡിയ മന്ത്രാലയങ്ങള്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, ജനറല്‍ അതോറിറ്റി ഫോര്‍ എന്‍ഡോവ്മെന്റ്സ്, പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം, ജവാസാത്ത്, ഡിജിറ്റല്‍ പങ്കാളിയായ എസ്.ടി.സി ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് എട്ടാം വര്‍ഷമാണ് മക്ക റൂട്ട് പദ്ധതി ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്നത്.



