തെഹ്‌റാൻ– ഇറാനെതിരായ സൈനിക നീക്കങ്ങൾ വീണ്ടും ആവർത്തിച്ചാൽ നിലവിലെ യുദ്ധം മിഡിൽ ഈസ്റ്റിന്റെ അതിർത്തികൾ കടന്ന് ആഗോളതലത്തിലേക്ക് വ്യാപിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കടുത്ത മുന്നറിയിപ്പ് നൽകി. ശത്രുക്കൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഇടങ്ങളിൽ വെച്ച് കനത്ത തിരിച്ചടികൾ നേരിടേണ്ടിവരുമെന്നും, തങ്ങളുടെ വിനാശകരമായ ആക്രമണങ്ങൾ നിങ്ങളെ തകർക്കുമെന്നും റെവല്യൂഷണറി ഗാർഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റായ ‘സെപാ ന്യൂസ്’ വഴി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. മുൻപുണ്ടായ ഏറ്റുമുട്ടലുകളിൽ ഒന്നും തന്നെ ഇറാൻ സൈന്യം തങ്ങളുടെ പൂർണ്ണമായ ശേഷി ഉപയോഗിച്ചിട്ടില്ലെന്നും, ഏത് സാഹചര്യത്തെയും നേരിടാൻ സായുധ സേന സജ്ജമാണെന്നും ഇറാൻ വിദേശ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് കൂട്ടിച്ചേർത്തു. പുതിയ അത്ഭുതങ്ങളും ഞെട്ടിക്കുന്ന തിരിച്ചടികളും നൽകാൻ രാജ്യം പൂർണ്ണ ദൃഢനിശ്ചയത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായി വീണ്ടും യുദ്ധക്കളത്തിലേക്ക് വരുന്നത് അമേരിക്കക്ക് കൂടുതൽ അത്ഭുതങ്ങൾ സമ്മാനിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി തന്റെ എക്സ് അക്കൗണ്ടിലൂടെ യു.എസ് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. കഴിഞ്ഞകാല അനുഭവങ്ങളിൽ നിന്നും പോരാട്ടങ്ങളിൽ നിന്നും ഇറാൻ ഒട്ടേറെ പാഠങ്ങളും അറിവുകളും നേടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും നൂതനവും പ്രശസ്തവുമായ എഫ്-35 യുദ്ധവിമാനം ചരിത്രത്തിലാദ്യമായി വെടിവെച്ചിട്ടത് ഇറാന്റെ ശക്തമായ സായുധ സേനയാണെന്ന് ഇപ്പോൾ അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച് മാസങ്ങൾക്ക് ശേഷമാണ് ബില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന ഡസൻ കണക്കിന് ഇറാൻ വിമാനങ്ങൾ നശിപ്പിക്കാനുള്ള പദ്ധതിക്ക് യു.എസ് കോൺഗ്രസ് അംഗീകാരം നൽകിയത്.
അതേസമയം, ഇറാനുമായുള്ള യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുമെന്നും ആണവായുധം സ്വന്തമാക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടന്ന വാർഷിക കോൺഗ്രസ് പിക്നിക്കിൽ സംസാരിക്കവെയാണ് ചൊവ്വാഴ്ച വൈകുന്നേരം ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ മിഡിൽ ഈസ്റ്റിലെ സൈനിക നീക്കങ്ങളും പ്രതികരണങ്ങളും പുതിയ തലത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് ഇരുവിഭാഗത്തുനിന്നും ഉണ്ടാകുന്നത്.



