വാഷിംഗ്ടൺ: ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങൾക്ക് താൻ ഉത്തരവിടാൻ ഒരുങ്ങിയതായിരുന്നു എന്നും, എന്നാൽ ഗൾഫ് രാജ്യങ്ങളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് അവസാന നിമിഷം അതിൽ നിന്ന് പിന്മാറിയതെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് തങ്ങളുടെ കടുത്ത നിബന്ധനകൾ അംഗീകരിക്കാൻ ഇറാനുമേൽ ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കുന്നതിനിടയിലാണ് ഈ നിർണായക വെളിപ്പെടുത്തൽ.
ഇരുരാജ്യങ്ങളും തമ്മിൽ ഒരു നയതന്ത്ര കരാറിലെത്താൻ അവസരമൊരുക്കാനാണ് താൻ വലിയ തോതിലുള്ള സൈനിക നടപടികളിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്നത്. എന്നാൽ ഇറാനെതിരെ അമേരിക്കൻ ഭാഗത്തുനിന്ന് മറ്റൊരു ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. അതേസമയം, അമേരിക്ക വീണ്ടുമൊരു സൈനിക നീക്കത്തിന് മുതിർന്നാൽ ശക്തമായി പ്രതിരോധിക്കുമെന്നും പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുന്നണികൾ തുറക്കുമെന്നും ഇറാൻ സൈന്യവും മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായിലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച 40 ദിവസത്തെ ശക്തമായ സൈനിക ആക്രമണങ്ങൾക്ക് ശേഷം, ഏപ്രിൽ 8-നാണ് മേഖലയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇതിനുപിന്നാലെ ഇരുപക്ഷവും ഒരു ഒത്തുതീർപ്പിലെത്താൻ ഔദ്യോഗിക ആശയവിനിമയങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, ആണവ വിഷയത്തിലടക്കം അമേരിക്കയുടെയും ഇറാന്റെയും നിലപാടുകൾ ഇപ്പോഴും പരസ്പരം ഏറെ അകലെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



