ജനീവ– കോംഗോയിലും ഉഗാണ്ടയിലും അപൂർവ ഇനത്തിൽപ്പെട്ട എബോള വൈറസ് ബാധിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗബാധയെ തുടർന്ന് ഇതുവരെ 80 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെയും ഉഗാണ്ടയുടെയും അതിർത്തി പ്രദേശങ്ങളായ മോങ്‌ബ്‌വാലു, ബുനിയ, റമ്പാറ ഹെൽത്ത് സോണുകളിലാണ് രോഗം പടർന്നുപിടിക്കുന്നത്.
ഇതുവരെ 8 മരണങ്ങളും 246 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ രോഗികളെ ചികിൽസിച്ച ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. ഏപ്രിൽ 24-നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ പ്രതിരോധ സംഘടനയായ CDC നിലവിൽ ഇവിടെ ‘ലെവൽ 2’ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എബോളയുടെ അപകടകാരിയായ ‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന വകഭേദമാണ് ഇപ്പോൾ പടരുന്നത്. 2012-ന് ശേഷം ആദ്യമായാണ് ഈ വകഭേദം വീണ്ടും പ്രത്യക്ഷപ്പെടുന്നത്. നിലവിൽ ലഭ്യമായ എബോള വാക്സിനുകളോ മരുന്നുകളോ (ഇൻമാസെബ്, എബാംഗ, എർവെബോ തുടങ്ങിയവ) ഈ ‘ബുന്ദിബുഗ്യോ’ വകഭേദത്തിനെതിരെ ഫലപ്രദമല്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. വവ്വാലുകളിൽ നിന്നോ കുരങ്ങുകളിൽ നിന്നോ ആണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരുടെ രക്തം, ശരീരദ്രവങ്ങൾ എന്നിവയിലൂടെ ഇത് മറ്റ് മനുഷ്യരിലേക്കും അതിവേഗം വ്യാപിക്കാം.



