കണ്ണൂർ- മുതിർന്ന നേതാക്കളായ ടി.കെ ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്തതിൽ സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വത്തിന് ഗുരുതര വീഴ്ച പറ്റിയെന്ന് പാർട്ടി യോഗങ്ങളിൽ രൂക്ഷ വിമർശനം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അംഗങ്ങൾ നേതൃത്വത്തിന്റെ ശൈലിക്കെതിരെ തിരിഞ്ഞത്. ഇരുനേതാക്കളും ഉന്നയിച്ച ആക്ഷേപങ്ങൾ ഗൗരവത്തോടെ കാണാൻ നേതൃത്വം തയ്യാറാകാതിരുന്നതാണ് പാർട്ടിക്ക് കനത്ത തിരിച്ചടിയായതെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. തളിപ്പറമ്പിൽ ടി.കെ ഗോവിന്ദനും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും എടുത്ത തീരുമാനങ്ങൾ പാർട്ടിയെ വലിയ രീതിയിൽ ക്ഷീണിപ്പിച്ചതായും യോഗത്തിൽ വിലയിരുത്തലുണ്ടായി.
തളിപ്പറമ്പിൽ പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ കീഴ്ഘടകങ്ങളിലും അണികൾക്കിടയിലും ഉയർന്ന പരാതികൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ ടി.കെ ഗോവിന്ദൻ കമ്മിറ്റികളിൽ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ഈ പ്രതിസന്ധി പരിഹരിക്കാനോ, ഒടുവിൽ അദ്ദേഹം പാർട്ടി വിട്ടുപോയപ്പോൾ അത് തടയാനോ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ലെന്ന് തലശ്ശേരി മേഖലയിൽ നിന്നുള്ള സെക്രട്ടേറിയറ്റ് അംഗം യോഗത്തിൽ തുറന്നടിച്ചു. സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ തെറ്റായ ശൈലിയാണ് ഈ തിരിച്ചടികൾക്ക് കാരണമെന്നും യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായ പയ്യന്നൂരിൽ അമിത ആത്മവിശ്വാസത്തിലായിരുന്ന നേതൃത്വത്തിന്, അവിടെയുണ്ടായ രാഷ്ട്രീയ അടിയൊഴുക്കുകൾ തിരിച്ചറിയാൻ സാധിച്ചില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. പയ്യന്നൂരിന് പുറമെ പാർട്ടിയുടെ ഉറച്ച കോട്ടകളായ തളിപ്പറമ്പ്, മലപ്പട്ടം, ആന്തൂർ, മയ്യിൽ എന്നിവിടങ്ങളിൽ ഉണ്ടായ വോട്ട് ചോർച്ച തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതാണെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.



