മയാമി– മേജർ ലീഗ് സോക്കറിൽ എഫ്സി സിൻസിനാറ്റിക്കെതിരെ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇന്റർ മയാമിക്ക് വിജയം. മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ലയണൽ മെസ്സിയും സംഘവും സിൻസിനാറ്റിയെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി നായകൻ ലയണൽ മെസ്സി മുന്നിൽ നിന്ന് നയിച്ചപ്പോൾ മയാമി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
മത്സരത്തിന്റെ 24-ാം മിനിറ്റിൽ തന്നെ മെസ്സിയിലൂടെ മയാമി ലീഡ് നേടി. എന്നാൽ ഡെങ്കെയിലൂടെ സിൻസിനാറ്റി ഒപ്പമെത്തി. രണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ മെസ്സി തന്റെ രണ്ടാം ഗോൾ കണ്ടെത്തിയെങ്കിലും സിൻസിനാറ്റി വിട്ടുനൽകാൻ തയ്യാറായിരുന്നില്ല. ബുച്ചയിലൂടെയും ഫെരേരയിലൂടെയും തിരിച്ചടിച്ചതോടെ ഒരു ഘട്ടത്തിൽ സ്കോർ 3-2 എതിരാളികൾ മുന്നിലെത്തി.
എങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മയാമി ആധിപത്യം ഉറപ്പിച്ചു. 79-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ മാറ്റിയോ സിൽവെറ്റി ടീമിനെ സമനിലയിൽ എത്തിച്ചു. തുടർന്ന് 84-ാം മിനിറ്റിൽ ബെർട്ടറാം മയാമിയെ മുന്നിലെത്തിച്ചു. കളിയുടെ അവസാന മിനിറ്റിൽ സിൻസിനാറ്റി താരം റോമൻ സെലെന്റാനോ വഴങ്ങിയ സെൽഫ് ഗോൾ മയാമിയുടെ വിജയം പൂർത്തിയാക്കി.
മികച്ച പ്രകടനത്തോടെ ലയണൽ മെസ്സിയാണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ഇന്റർ മയാമി രണ്ടാം സ്ഥാനത്താണ്. 27 പോയിന്റുള്ള നാഷ്‌വിൽ എസ്‌സിയാണ് പട്ടികയിൽ ഒന്നാമത്.



