ന്യൂഡൽഹി– സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്തവണ 85.2 ശതമാനമാണ് പരീക്ഷാ വിജയം. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ ഇന്ത്യയിലും വിദേശത്തുമായി നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുൻകൂട്ടി തീയതിയോ സമയമോ പ്രഖ്യാപിക്കാതെയാണ് ഇത്തവണയും ഫലം വന്നത്. കൂടാതെ, കഴിഞ്ഞ വർഷങ്ങളിലെ രീതി പിന്തുടർന്ന് ഫലപ്രഖ്യാപനത്തിനായി പ്രത്യേകം പത്രസമ്മേളനങ്ങളും ബോർഡ് നടത്തിയില്ല.
വിദ്യാർഥികൾക്ക് ഫലം വേഗത്തിൽ അറിയാൻ വിപുലമായ സംവിധാനങ്ങളാണ് വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലുമായി ഒരുക്കിയിരിക്കുന്നത്. results.cbse.nic.in, cbse.gov.in, cbseresults.nic.in, results.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി ഫലം പരിശോധിക്കാവുന്നതാണ്. ഇതിനുപുറമെ ഡിജിലോക്കർ (DigiLocker), ഉമാങ് (UMANG) എന്നീ ആപ്പുകൾ വഴി സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്.
ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്കും ഫലം അറിയാൻ തടസ്സമുണ്ടാകില്ല. ഇതിനായി എസ്എംഎസ് വഴി ഫലം അറിയാനുള്ള പ്രത്യേക സംവിധാനവും സിബിഎസ്ഇ നൽകുന്നുണ്ട്.



