റിയാദ്- കഴിഞ്ഞ ദിവസം നടന്ന അൽ ഹിലാൽ – അൽ നസർ മത്സരത്തിന് പിന്നാലെ സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടിയ നിരവധി ആരാധകരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സ്പോർട്സ് മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘർഷത്തിൽ ഏർപ്പെട്ടവരെ തിരിച്ചറിഞ്ഞത്. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആവേശകരമായ റിയാദ് ഡെർബി മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് ഗാലറിയിൽ ഇരുവിഭാഗം ആരാധകർ തമ്മിൽ തർക്കം തുടങ്ങിയത്. ഇത് പിന്നീട് വലിയ സംഘർഷത്തിലേക്ക് മാറുകയായിരുന്നു. ആരാധകർ ചേരിതിരിഞ്ഞ് വടികൾ ഉപയോഗിച്ച് പരസ്പരം അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനുപുറമെ ഗാലറിയിൽ നിന്ന് കുപ്പികൾ വലിച്ചെറിയുന്നതും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളിൽ കാണാം.
മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞതോടെ സൗദി ലീഗ് കിരീടം ആര് നേടുമെന്ന തീരുമാനം അവസാന റൗണ്ട് മത്സരത്തിലേക്ക് നീണ്ടുപോയിരിക്കുകയാണ്. ഇതിന്റെ ആവേശവും സമ്മർദ്ദവുമാണ് ഗാലറിയിൽ സംഘർഷത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. കായിക വിനോദത്തിന്റെ മാന്യതയ്ക്ക് നിരക്കാത്ത രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
https://twitter.com/i/status/2054295324944998830



