വാഷിംഗ്ടൺ– അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ സാമ്പത്തിക ഉപരോധം കാരണം ഇറാൻ പൂർണ്ണമായും സാമ്പത്തികമായി നിശ്ചലമായെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാത്ത ഒരു കരാറിനും ഇറാനുമായി തയ്യാറല്ലെന്ന് ഭരണകൂടം വ്യക്തമാക്കി. നിലവിലെ ഉപരോധങ്ങൾ കാരണം ഇറാന് പുറംരാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഖാർഗ് ദ്വീപിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ എണ്ണ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണെന്ന യാഥാർഥ്യം ഇറാൻ ഭരണകൂടം അംഗീകരിക്കണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ഇറാനെ പ്രതിരോധിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ആഗോള സാമ്പത്തിക ശൃംഖലകളിൽ നിന്ന് ഇറാനെ പൂർണ്ണമായും ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടരുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബിസെന്റ് വ്യക്തമാക്കി. ഇറാനിൽ നിന്നുള്ള എണ്ണ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നവർക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ ഓരോന്നായി ഇല്ലാതാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മൂന്ന് ഇറാൻ പൗരന്മാർക്കും ഇറാനുമായി ബന്ധമുള്ള ഒൻപത് കമ്പനികൾക്കും ഹോങ്കോങ്ങിലെ ചില സ്ഥാപനങ്ങൾക്കുമെതിരെ യു.എസ് ട്രഷറി വകുപ്പ് പുതുതായി ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഇറാന്റെ സാമ്പത്തിക മേഖല കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



