ന്യൂഡൽഹി- കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് ഇന്ന് അവസാനമായേക്കും. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ കോൺഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെ.പി.സി.സി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാൻഡ് ഉടൻ ചർച്ച നടത്തും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിൽ പാർട്ടിക്കുള്ളിലും മുന്നണിയിലും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രഖ്യാപനം വേഗത്തിലാക്കാൻ നേതൃത്വം തീരുമാനിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായി രംഗത്തുള്ള കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ വലിയ പ്രതീക്ഷയിലാണ്.
കെ. സുധാകരൻ, കെ. മുരളീധരൻ, വി.എം. സുധീരൻ, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖ നേതാക്കൾ രാഹുൽ ഗാന്ധിയുമായും എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായും ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയെ സംബന്ധിച്ച് സംസ്ഥാനത്തെ നേതാക്കളുടെയും അണികളുടെയും പൊതുവികാരം മനസ്സിലാക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച രഹസ്യ നിരീക്ഷകർ തങ്ങളുടെ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. ഈ റിപ്പോർട്ടിലെ വിവരങ്ങളും നേതാക്കളുമായുള്ള ചർച്ചകളും പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക.



